മുംബൈ: മോഡിയുടെ രണ്ടു ലക്ഷം കോടിയുടെ വികസന പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രവചനവുമായി മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പിന് തയാറാകാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
മുംബൈയില സേനാ ഭവനിൽ പാർട്ടിയുടെ നിയമസഭാ മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേന പാർട്ടി വക്താവ് അരവിന്ദ് സാവന്താണ് ഈ യോഗത്തിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
‘‘മഹാരാഷ്ട്രയിൽ രണ്ടു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഇത് അടുത്തു തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി വാഗ്ദാനങ്ങൾ കൊണ്ട് വോട്ടർമാരെ പ്രലോഭിപ്പിച്ചതിനു സമാനമാണിത്.’’– ദക്ഷിണ മുംബൈ എംപിയായ അരവിന്ദ് സാവന്ത് പറഞ്ഞു.
നിലവിലെ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി 2024ലാണ് അവസാനിക്കുന്നത്. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ജൂണിലാണ് അധികാരത്തിലേറിയത്. ഷിൻഡെയ്ക്കൊപ്പം ചേർന്ന് ഭരണം അട്ടിമറിച്ച വിമത എംഎൽഎമാർ രാജിവച്ച് ജനവിധി നേരിടണമെന്നാണ് താക്കറെ വിഭാഗത്തിന്റെ ആവശ്യം.
സംസ്ഥാനത്തിന് അനുവദിച്ച വൻകിട പദ്ധതികൾ പലതും ഗുജറാത്തിലേക്കു വഴിമാറ്റാൻ ഷിൻഡെ സർക്കാർ കൂട്ടുനിന്നെന്ന് ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. 1.54 ലക്ഷം കോടി രൂപയുടെ വേദാന്ത ഫോക്സോൺ സെമികണ്ടക്ടർ ചിപ് നിർമാണശാലയും 22,000 കോടി രൂപയുടെ ടാറ്റാ എയർബസ് മിലിറ്ററി ട്രാൻസ്ഫോർട്ട് എയർക്രാഫ്റ്റ് പദ്ധതിയും ഇതിൽ ഉൾപ്പെടുമെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.