ആറു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്: വോട്ടെണ്ണല്‍ ആരംഭിച്ചു; ബിജെപിക്ക് നിര്‍ണായകം

ആറു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്: വോട്ടെണ്ണല്‍ ആരംഭിച്ചു; ബിജെപിക്ക് നിര്‍ണായകം

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമാണ്.

ബിഹാറില്‍ മൊകാമ, ഗോപാല്‍ ഗഞ്ജ്, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ്, ഹരിയാനയില്‍ ആദംപൂര്‍, തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഒഡീഷയിലെ ദാംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിക്ക് പുറമെ, തെലങ്കാന രാഷ്ട്രസമിതി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. രണ്ടെണ്ണം കോണ്‍ഗ്രസിന്റേയും ഓരോന്ന് വീതം ആര്‍ജെഡി, ശിവസേന കക്ഷികളുടേതുമാണ്. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍, ഈ മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

തെലങ്കാനയില മനുഗോഡയില്‍ കടുത്ത മത്സരമാണ് നടന്നത്. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ കെ.രാജഗോപാല്‍ റെഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാജഗോപാല്‍ റെഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ.പ്രഭാകര്‍ റെഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡിയാണ് കോണ്‍ഗ്രസിനായി മത്സിരക്കുന്നത്. മൂന്ന് പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ഫലം.

അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്‌കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കെയാണ് ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മരിച്ച എംഎല്‍എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിക്കുന്നില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് റുതുജയ്ക്ക് എതിരാളികളായുള്ളത്.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മകാമ സീറ്റ് ആര്‍ജെഡിയുടേയും ഗോപാല്‍ ഗഞ്ച് ബിജെപിയുടേയും സിറ്റിങ് സീറ്റാണ്. ആര്‍ജെഡി എംഎല്‍എ ആനന്ദ് സിങ് ക്രിമിനല്‍ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിതിനെ തുടര്‍ന്ന് അയോഗ്യനായതോടെയാണ് മകാമയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഗോപാല്‍ഗഞ്ചില്‍ ബിജെപി എംഎല്‍എ സുഭാഷ് സിങിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. ബിഹാറില്‍ ഭരണത്തില്‍ പുതിയ രാഷ്ട്രീയ സഖ്യം വന്നതോടെ രണ്ട് സീറ്റിലും മത്സരിക്കുന്ന ആര്‍ജെഡിക്ക് ജെഡിയുവിന്റെ പിന്തുണയുണ്ട്. മകാമയില്‍ ആനന്ദ് സിങിന്റെ ഭാര്യയെ ആര്‍ജെഡി മത്സരത്തിനിറക്കിയപ്പോള്‍ ഗോപാല്‍ഗഞ്ചില്‍ മരിച്ച എംഎല്‍എ സുഭാഷ് സിങിന്റെ ഭാര്യയെ ബിജെപിയും രംഗത്തിറക്കി.

ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥില്‍ ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകന്‍ അമന്‍ ഗിരിയെ ആണ് ബിജെപി മത്സരിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരിയാണ് പ്രധാന എതിരാളി.

ഒഡീഷയില്‍ ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞ ബിജെപിയുടേയും അബന്തി ദാസ് ബിജെഡിയ്ക്കും ഹരേകൃഷ്ണ സേതി കോണ്‍ഗ്രസിനും വേണ്ടി മത്സരിക്കുന്നു. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് പരീക്ഷണം കൂടിയാണ്. ഇതിനിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും.

ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലില്‍ നവംബര്‍ 12-ന് വോട്ടെടുപ്പും ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും. നേരത്തെ ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.