മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത; കണ്ണുരുട്ടി സംസ്ഥാന നേതൃത്വം

മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത; കണ്ണുരുട്ടി സംസ്ഥാന നേതൃത്വം

​തിരുവനന്തപുരം: നിയമനത്തിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ സിപിഎം ജില്ലാ നേതാക്കൾക്കിടയിലെ വിഭാഗീയതയെന്ന് സൂചന. മൂന്ന് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിയാണ് കത്ത് വിവാദത്തിലേക്ക് എത്തിച്ചതെന്നാണ് തിരുവനന്തപുരത്തെ പാർട്ടി പ്രവർത്തകർക്കിടയിലെ സംസാരം. അതോടൊപ്പം പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും വിവാദങ്ങൾക്ക് കാരണമായെന്നും പറയപ്പെടുന്നു.

പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം വളർന്ന വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതി എത്തിയിട്ടുണ്ട്. ഒമ്പതാം തീയതി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ വിവാദം ചർച്ചയാകും. പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയ കത്ത് വിവാദത്തിൽ സംസ്ഥാന നേതാക്കൾക്ക് കടുത്ത അമർശമുണ്ട്.

ആര്യാ രാജേന്ദ്രൻ ദില്ലിയിൽ പോയ സമയത്ത് ഔദ്യോഗിക ലെറ്റർ പാഡിൽ മേയറുടെ ഒപ്പിട്ട കത്ത് എങ്ങനെ പുറത്തു വന്നു എന്നതിലാണ് വ്യക്തത വരേണ്ടത്. മേയറുടെ കത്ത് പുറത്തു വിട്ടതിനു പിന്നിൽ അനിലിന്റെ അനുയായികളാണെന്ന് എതിർ പക്ഷം ആരോപിക്കുമ്പോൾ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡി.ആർ. അനിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തായതിന് പിന്നിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീമുമായുള്ള രൂക്ഷമായ അധികാര തർക്കമാണെന്നും സംസാരമുണ്ട്. മേയർ ആര്യയുടെ വിശ്വസ്ഥൻ കൂടിയാണ് സലീം. 

മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ വിശ്വസ്ഥനെ സംരക്ഷിച്ചും മേയറെ പ്രതിക്കൂട്ടിൽ നിർത്തിയും ആനാവൂരിനേറെ ആദ്യ പ്രതികരണവും വിഭാഗീയത രൂക്ഷമായതിന്റെ തെളിവാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.