ഷാരോണിനെ കൊല്ലാൻ പലതവണ ശ്രമിച്ചതായി മുഖ്യപ്രതിയുടെ മൊഴി; ഗ്രീഷ്മയുമായി രാമവർമ്മൻചിറയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി

ഷാരോണിനെ കൊല്ലാൻ പലതവണ ശ്രമിച്ചതായി മുഖ്യപ്രതിയുടെ മൊഴി; ഗ്രീഷ്മയുമായി രാമവർമ്മൻചിറയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി പ്രധാന പ്രതിയായ ​ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊലപ്പെടുത്താൻ വേണ്ടി തന്നെയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ​ഗ്രീഷ്മ പറഞ്ഞു.

നിരവധി തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. എന്നാൽ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസിൽ കലർത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നൽകിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം ഗ്രീഷ്മ ജ്യൂസ് നൽകിയിരുന്നതായാണ് കുടുംബം ആരോപിച്ചിരുന്നത്. ഗ്രീഷ്‌മയ്‌ക്കൊപ്പം പുറത്തുപോയി ജ്യൂസ് കുടിച്ച ദിവസങ്ങളിൽ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു.

അതിനിടെ, ഷാരോൺ കൊലക്കേസിലെ തെളിവെടുപ്പിനായി ഗ്രീഷ്മയെ രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10.40 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിയത്. കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്‍റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു.

യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേർ രാമവർമൻചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാൽ തമിഴ്നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി. തുടർന്ന് ഷാരോണും ​ഗ്രീഷ്മയും പോയിട്ടുളള വിവിധ സ്ഥലങ്ങളിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോകും. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതൻ തകർത്തിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിന്റെ സംശയം. ഗേറ്റ് തുറന്നിട്ടില്ല എന്നതു കൊണ്ടുതന്നെ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറിയതാവാം എന്നാണ് സംശയിക്കുന്നത്.

സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്ഥലത്തെ സിസിടിവി പരിശോധിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോണ്‍സന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഒക്ടോബർ മൂപ്പതാം തിയതിയാണ് അന്വേഷണ സംഘം വീട് സീൽ ചെയ്തത്.

കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.

കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈകോടതിയിൽ ഹർജി സമർപ്പിക്കാനാണ് നീക്കം. അതേസമയം കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധനഫലവും തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം.

അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്നാട്ടിൽ നടന്നിട്ടുള്ളതിനാൽ കേസ് തമിഴ്നാട്ടിലേക്ക് കൈമാറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ കേരളത്തിൽ അന്വേഷണം നടത്തുന്നതിലും തടസമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്‍ഞരുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തതയ്ക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.