കത്ത് തന്റേതല്ല; ഉറവിടം കണ്ടെത്താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി; ഓഫിസ് ജീവനക്കാരെ സംശയമില്ലെന്നും ആര്യ

കത്ത് തന്റേതല്ല; ഉറവിടം കണ്ടെത്താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി; ഓഫിസ് ജീവനക്കാരെ സംശയമില്ലെന്നും ആര്യ

തിരുവനന്തപുരം: ദിവസ വേതനാടിസ്ഥാത്തില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തന്റെ പേരില്‍ അയച്ചു എന്ന് പറയപ്പെടുന്ന കത്തുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി മേയര്‍ ആര്യ രാജേന്ദ്രന്‍. 'അത്തരത്തില്‍ ഒരു കത്ത് എഴുതുകയോ തയാറാക്കുകയോ ചെയ്തിട്ടില്ല. കത്തിന്റെ ഉറവിടമേതാണെന്നും കത്തിന്റെ സത്യാവസ്ഥ എന്താണെന്നും പരിശോധിക്കണം. ഇത്തരത്തില്‍ അനധികൃത നിയമനം നടത്താന്‍ കത്തയയ്ക്കുന്ന രീതി സിപിഎമ്മിനില്ലെന്നും ഡെല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ആര്യ പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. വിവാദമായ തരത്തിലുള്ള ഒരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ ബന്ധപ്പെട്ട സ്ഥലത്തേക്ക് കൊടുത്തു വിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് കത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്നും ആര്യ പറഞ്ഞു. 

അധികാരം ഏറ്റെടുത്തതു മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കത്ത് വിവാദം. കത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വരേണ്ടത് തന്റെ കൂടി ആവശ്യമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചതെന്നും അന്വേഷണം വേണം. ലെറ്റര്‍ഹെഡ് വ്യാജമാണോയെന്ന് എന്നും കണ്ടെത്തേണ്ടതുണ്ട്. ഒപ്പ് വ്യക്തമല്ല. മേയര്‍ എന്ന നിലയില്‍ കത്ത് തയാറാക്കുകയോ അതില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. ആ വിഷയത്തില്‍ മേയറുടെ ഓഫിസിനെ സംശയിക്കേണ്ട കാര്യമല്ലെന്നും ആര്യ പറഞ്ഞു.

താല്‍ക്കാലിക നിയമനങ്ങളിലേക്കു പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു കത്തയച്ചെന്നാണു മേയര്‍ ആര്യ രാജേന്ദ്രനെതിരെ ഉയര്‍ന്ന ആരോപണം. ഈ കത്ത് പുറത്തുവന്നിരുന്നു. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്. കത്ത് വിവാദമായതോടെ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് വിട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉത്തരവിട്ടു. 

സംഭവത്തില്‍ ആര്യയെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനായി ആര്യ സെക്രട്ടറിയേറ്റിലെത്തിയത്. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി നേരിട്ട് പരാതി കൈമാറാനായിരുന്നു ആദ്യം തീരുമാനം. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും പ്രതിഷേധം കാരണം തുടര്‍ന്ന് മേയര്‍ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. പകരം മുഖ്യമന്ത്രിയെ ഏല്‍പിക്കാനുള്ള പരാതി അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറി. 

അതേസമയം, സെക്രട്ടറിയേറ്റില്‍ നിന്ന് മടങ്ങിയ മേയര്‍ക്ക് നേരം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തി. സെക്രട്ടറിയേറ്റില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ പുന്നന്‍ റോഡിലെത്തിയപ്പോഴായിരുന്നു മേയറുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ നീക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.