കൊച്ചി: മാധ്യമ വിലക്കുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ രാജ്ഭവനിലേക്ക് പോകും വഴി കൊച്ചിയിൽ ഗസ്റ്റ് ഹൗസിലായിരുന്നു ഗവർണറുടെ രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്. മുഖംമൂടി ധരിച്ച കേഡർ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.
സർവകലാശാല വിഷയത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ വിലക്ക് പ്രഖ്യാപനം. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ പുറത്തുപോകണമെന്ന് നിലപാടെടുത്ത ഗവർണർ ഈ രണ്ട് ചാനലുകളിലെ പ്രതിനിധിയെ പുറത്താക്കിയ ശേഷമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി പ്രചരണം നടത്തുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും അവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ഈ നിലപാട് അസഹിഷ്ണുത അല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.
ഇന്ന് ഗവർണറുടെ വാർത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് മീഡിയ വണ്ണും കൈരളിയും മെയിൽ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നൽകിയിരുന്നു. ഇതിന് അനുമതി ലഭിച്ച ശേഷമാണ് ഇരു മാധ്യമങ്ങളും എത്തിയത്. ഇതോടെ ഗസ്റ്റ് ഹൗസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവർണർ ഈ രണ്ട് മാധ്യമങ്ങളേയും പുറത്താക്കിയതെന്ന ആക്ഷേപം ശക്തമാണ്.
തനിക്കെതിരെ തെറ്റായി കൈരളി നൽകിയ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചാനൽ അത് ചെയ്തില്ലെന്നായിരുന്നു കൈരളി വിലക്കാനുള്ള ഗവർണറുടെ കാരണം. എന്നാൽ ഷഹബാനു കേസിൽ തനിക്കെതിരെ വാർത്ത നൽകിയെന്നാണ് മീഡിയ വണ്ണിനെതിരെയുള്ള ആരോപണം. മുഖ്യമന്ത്രി മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞപ്പോൾ വിമർശിച്ച ഗവർണറാണ് ഇപ്പോൾ പൊതു ഇടത്തിൽ രണ്ട് മാധ്യമങ്ങളോട് ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞത്.
ഗവർണറുടെ നിലപാട് തെറ്റാണെന്നും പിൻവലിച്ച് തിരുത്തണമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. സർക്കാർ ഗവർണർ തർക്കം ഉണ്ടാകാം. അതിൽ മാധ്യമ പ്രവർത്തകരെ ഇടപെടുത്തേണ്ട കാര്യമില്ല. മാധ്യമങ്ങൾ അവരുടെ ജോലി ആണ് ചെയ്യുന്നത്. ഗവർണറുടെ നിലപാട് തിരുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.