ന്യൂഡൽഹി: അടുത്ത മൂന്ന് വര്‍ഷത്തിനിടയിലെ അവസാന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. ഉച്ചയ്ക്ക് 2.39 മുതല്‍ രാത്രി 7.26വരെയാണ് ഗ്രഹണം. പൂര്‍ണ്ണഗ്രഹണം 3.46 മുതല്‍ 04.29 വരെ സംഭവിക്കും.
പകലായതിനാല്‍ ഗ്രഹണം പൂര്‍ണ്ണമായി കാണാനാകില്ല. എങ്കിലും സൂര്യനസ്തമിക്കുന്ന ആറുമണിക്ക് തന്നെ ചന്ദ്രനും ഉദിച്ചുനില്‍ക്കുന്നതിനാല്‍ അവസാനദൃശ്യങ്ങള്‍ ഇന്ത്യയില്‍ കാണാം.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ അതീവ പ്രധാന്യത്തോടെയാണ് ചന്ദ്രഗ്രഹണത്തെ കാത്തിരിക്കുന്നത്. അടുത്ത ചന്ദ്രഗ്രഹണം 2023 ഒക്ടോബര്‍ 28 നാണ്. അത് ഭാഗികമായിരിക്കും. 2025 സെപ്തംബര്‍ ഏഴിനായിരിക്കും അടുത്ത സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുകയെന്ന് നാസ വ്യക്തമാക്കി.
രാജ്യത്ത് എല്ലായിടത്തും ചുവന്ന നിറത്തിലുള്ള പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകില്ലെങ്കിലും കിഴക്കന്‍മേഖലകളില്‍ വൈകിട്ട് 5.12ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടത്തില്‍ രക്തചന്ദ്രന്‍ പ്രകടമാകും. അഗര്‍ത്തല (ത്രിപുര), ഐസ്വാള്‍ (മിസോറം), ഭഗല്‍പൂര്‍ (ബിഹാര്‍), ഭുവനേശ്വര്‍, കട്ടക്ക് (ഒഡീഷ), കൊഹിമ (നാഗാലാന്‍ഡ്), കൊല്‍ക്കത്ത, ഡാര്‍ജിലിംഗ് (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളില്‍ കാണാം.
കേരളത്തില്‍ ഇന്ന് ചന്ദ്രനുദിക്കുന്നത് വൈകിട്ട് ആറു മണിക്കായതിനാല്‍ പൂര്‍ണ്ണചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാം. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കില്‍ 15 മിനുറ്റ് കാണാം. രാത്രി 7.26 വരെ ഉപഛായഗ്രഹണം തുടരുമെങ്കിലും തിരിച്ചറിയാന്‍ പ്രയാസമാണ്.
പൗര്‍ണ്ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയിലാവുമ്പോള്‍ ചന്ദ്രനില്‍ പതിക്കേണ്ട സൂര്യപ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ചന്ദ്രന്‍ അപ്രത്യക്ഷമാകുന്നതിനു പകരം കടുംചുവപ്പ് നിറത്തിലാകും. രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ എന്നാണ് ഇതറിയപ്പെടുന്നത്.
ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമാണ് ഭൂമിയുടെ പ്രഛായയിലൂടെ കടന്നു പോകുന്നതെങ്കില്‍ ഭാഗീകചന്ദ്രഗ്രഹണമെന്നും നിഴല്‍ഭാഗത്തിനു പുറത്ത് മങ്ങിയ നിഴല്‍ പ്രദേശമായി ചന്ദ്രനെ കാണുന്നതിനെ ഉപഛായഗ്രഹണമെന്നും പറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.