കോഴിക്കോട്: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വിവാദമായതിനു പിന്നാലെ, കോഴിക്കോട് കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളും വിവാദത്തിലേക്ക്. ആരോഗ്യ വിഭാഗത്തിലെ 122 താല്‍ക്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം.
നിയമനത്തിനായി രൂപീകരിച്ച ഇന്റര്‍വ്യൂ കമ്മിറ്റിയില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനങ്ങളെന്നുമായിരുന്നു മേയറുടെ പ്രതികരണം. നിയമനക്കാര്യങ്ങളില്‍ പൊതുവില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.
മാത്രമല്ല, തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദമായ കത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയതാകില്ലെന്നും കോഴിക്കോട് മേയര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയബോധമുള്ള ആര്യയുടെ ഭാഷ ഇങ്ങനെയാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറയുകയുണ്ടായി.
കോഴിക്കോട് കോര്‍പറേഷനില്‍ ആരോഗ്യ വിഭാഗത്തിലെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചിരുന്നു. 122 പേരുടെ നിയമനങ്ങള്‍ക്കായി ആയിരത്തോളം ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. മേയറുടെ പ്രതിനിധി, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്റര്‍വ്യൂ കമ്മിറ്റിയില്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് ആരോപണം.
സിപിഎം പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട ഇന്റര്‍വ്യൂ കമ്മിറ്റി പാര്‍ട്ടിക്കാരെ അനധികൃതമായി തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. താല്‍ക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താനുള്ള സാധ്യതയുള്ളതിനാല്‍ ബിരുദ്ധധാരികള്‍ അടക്കം തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. അന്തിമ പട്ടിക കോര്‍പറേഷന്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.