മുംബൈ: ഫോബ്സ് മാസികയുടെ 2022ലെ കരുത്തരായ ഏഷ്യന്‍ വനിതകളില്‍ ഇടംനേടി മൂന്ന് ഇന്ത്യക്കാര്‍. ഏഷ്യയിലെ വാണിജ്യ രംഗത്തെ ശക്തരായ 20 പേരിലാണ് മൂന്ന് ഇന്ത്യന്‍ വനിതാ സംരംഭകര്‍ ഇടം പിടിച്ചത്.
പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ തലപ്പത്തുള്ള സോമ മണ്ഡല്‍, എംക്യൂര്‍ ഫാര്‍മ മേധാവി നമിത ഥാപ്പര്‍, ഹൊനാസ കണ്‍സ്യൂമേഴ്സിന്റെ സഹസ്ഥാപക ഗസല്‍ അലഗ് എന്നിവരാണ് ഇന്ത്യയില്‍ നിന്നും പരിഗണിക്കപ്പെട്ടവര്‍.
കോവിഡ് മഹാമാരികാലത്തും തങ്ങളുടെ സ്ഥാപനങ്ങളെ തളരാതെ പിടിച്ചു നിര്‍ത്തിയെന്നതാണ് മൂവരേയും അന്താരാഷ്ട്ര ശ്രദ്ധയിലെത്തിച്ചത്. ആദ്യ 20ല്‍ ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌വാന്‍, തായ്‌ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളുമുണ്ട്.
ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് സോമ മണ്ഡല്‍ ഇന്ത്യന്‍ വാണിജ്യ മേഖലയിലേക്ക് എത്തിയത്. ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സ്റ്റീല്‍ അതോറിറ്റിയുടെ ഉരുക്കു വനിതയായിട്ടാണ് അറിയപ്പെടുന്നത്. സോമയുടെ നേതൃത്വത്തില്‍ സ്റ്റീല്‍ അതോറിറ്റി 50 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.
നമിത ഥാപ്പര്‍ മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റെ് എന്ന നിലയിലാണ് എംക്യൂര്‍ ഫാര്‍മയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നത്. മികച്ച യൂട്യൂബറുമായ നമിതയുടെ അണ്‍ കണ്ടീഷന്‍ യുവര്‍സെല്‍ഫ് വിത്ത് നമിതാ ഥാപ്പറെന്ന ടോക് ഷോ ഏറെ പ്രശസ്തമാണ്. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന വ്യക്തിയാണ് നമിത.
ഗസല്‍ അലഗ് ഭര്‍ത്താവുമൊത്ത് ആരംഭിച്ച സ്ഥാപനമാണ് ഹൊസാന കണ്‍സ്യൂമേഴ്സ്. ത്വക് രോഗബാധിതരായവരുടെ കുഞ്ഞുങ്ങളില്‍ രാസ വസ്തുക്കളില്ലാത്ത ചികിത്സ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗസല്‍ വിജയിച്ചു. ഓണ്‍ലൈനിലൂടെ വരുമാനം ഇരട്ടിയാക്കിയാണ് ഗസല്‍ മുന്നേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.