ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കോണ്‍ഗ്രസിന് ആശ്വാസ വിധി

ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കോണ്‍ഗ്രസിന് ആശ്വാസ വിധി

ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച കീഴ്കോടതി വിധി കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ്-2 ലെ സംഗീതം ഉപയോഗിച്ച് രണ്ട് വീഡിയോ പോസ്റ്റ് ചെയ്തതിന് എംആര്‍ടി മ്യൂസിക് ഉടമയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെജിഎഫ്-2 ഹിന്ദി ഭാഷാ ഭേദത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത് എംആര്‍ടി മ്യൂസിക്കാണ്. ഇവരെ അറിയിക്കാതെയാണ് രണ്ട് വീഡിയോ പോസ്റ്റ് ചെയ്തത് എന്നതാണ് പരാതി.

രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സമൂഹമാധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനാതെ എന്നിവര്‍ക്കെതിരെ എംആര്‍ടി മ്യൂസിക് ഉടമ നവീന്‍ കുമാറാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും കെജിഎഫ്-2 ലെ ഗാനം ഉപയോഗിച്ചുളള വീഡിയോ നീക്കം ചെയ്തതോടെയാണ് കീഴ്കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചത്.

ബംഗളൂരുവിലെ കോടതിയാണ് കഴിഞ്ഞ ദിവസം വീഡിയോയുടെ മൂന്ന് ലിങ്കും ട്വിറ്ററില്‍ നിന്ന് നീക്കാനും കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കാനും ഉത്തരവിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിവില്‍ കോടതി ഉത്തരവ് ഏകപക്ഷീയമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കെജിഎഫ് 2 ലെ പാട്ടിന്റെ കൃത്യമായ പകര്‍പ്പ് അവകാശമോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മ്യൂസിക് കമ്പനിയുടെ നിലപാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.