തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. മേയറുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ നല്‍കിയ മൊഴി.
ലെറ്റര്‍ ഹെഡും ഉപയോഗിച്ചിരിക്കുന്ന സീലും തന്റെ ഓഫീസിലേത് തന്നെയാണ് എന്ന് അന്വേഷണ സംഘത്തിനോട് ആര്യ പറഞ്ഞതായാണ് സൂചന. ഉപയോഗിച്ച ലെറ്റര്‍ ഹെഡുകള്‍ കോര്‍പ്പറേഷന്റെ പല വിഭാഗങ്ങളിലുമുണ്ട്. അതെടുത്ത് ലെറ്റര്‍ ഹെഡും സീലും മാത്രം നിലനിര്‍ത്തി മറ്റു ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആര്യ മൊഴി നല്‍കിയത് എന്നാണ് സൂചന.
കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പട്ടിക ചോദിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ നല്‍കിയത് എന്ന തരത്തിലാണ് കത്ത് പുറത്തു വന്നത്. വിവാദത്തിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം ചൊവ്വാഴ്ചയും മേയര്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടര്‍ന്നു. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ കാറില്‍ ഇറങ്ങിയ മേയര്‍ കൗണ്‍സില്‍ ഹാളിന് സമീപത്തുള്ള വഴിയിലൂടെയാണ് ഓഫീസിലെത്തിയത്. മേയര്‍ പ്രവേശിച്ചതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് പി.എയുടെ മുറിയ്ക്കുള്ളിലൂടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. മേയറുടെ ഓഫീസിന ുമുന്നിലെ പ്രധാന വാതിലില്‍ ബിജെപി പ്രവര്‍ത്തകര്‍ ഈ സമയത്തും പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മേയര്‍ക്കെതിരെ പ്രതിക്ഷേധവുമായി രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.