ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് അധികാരമേറ്റു

ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് അധികാരമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്  സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ജസ്റ്റിസ് യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചഡ് ചീഫ് ജസ്റ്റിസാകുന്നത്. രണ്ട് വർഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്റെ അടുത്ത തലവനെ വരച്ച് കാട്ടാൻ. ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന് ഡി.വൈ. ചന്ദ്രചൂഡ്, പിതാവും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ പാത പിൻതുടർന്നാണ് നിയമരംഗത്തേക്ക് കാൽവെക്കുന്നത്. 

സ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ചന്ദ്രചൂഡിന്റെ വ്യത്യസ്തമായ കയ്യൊപ്പുണ്ടായിരുന്നു.

സുപ്രധാനകേസുകളിലെ വിധികളിലൂടെയും നീരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടംനേടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും നിയമത്തിൽ തിരുത്തൽ വരുത്തി. 

ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2024 നവംബർ പത്ത് വരെയാണ് ചന്ദ്രചൂഡിന്റെ ചിഫ് ജസ്റ്റിസായുള്ള കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.