സാന്‍ഫ്രാന്‍സിസ്‌കോ: കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു. ഉഷ്ണമേഖല കൊടുങ്കാറ്റായ നിക്കോള്‍ ഫ്‌ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റി വെച്ചത്.
എഞ്ചിന്‍ തകരാറു മൂലം മുമ്പ് പല തവണ വിക്ഷേപണം മാറ്റിവെച്ച ശേഷം കഴിഞ്ഞയാഴ്ചയാണ് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് തിരികെ കൊണ്ടു വന്നത്. തിങ്കളാഴ്ച വിക്ഷേപണം ചെയ്യാമെന്ന് തീരുമാനിച്ചിരിക്കെയാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റ് മൂലം വിക്ഷേപണം വീണ്ടും അടുത്ത ബുധന്‍ വരെയെങ്കിലും നീട്ടിവെയ്ക്കേണ്ടിവരുമെന്ന് നാസ ചൊവ്വാഴ്ച അറിയിച്ചത്.
അതീവ അപകടകാരിയായ കാറ്റഗറി 1 ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുന്നതായിരിക്കും, ഫ്ളോറിഡയുടെ അറ്റ്ലാന്റിക് തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന നിക്കോള്‍ കൊടുങ്കാറ്റ്. ചുഴലിക്കാറ്റിന്റെ ഭീതിയിലാണെങ്കിലും റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്ന് മാറ്റിയിട്ടില്ല. കൊടുങ്കാറ്റിനെയും മഴയെയുമൊക്കെ തരണം ചെയ്യാന്‍ പാകത്തിനാണ് ആര്‍ട്ടെമിസ്-1 നിര്‍മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.
അപ്പോളോ 17 ന്റെ വിക്ഷേപണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടുത്ത ചാന്ദ്ര ദൗത്യവുമായി നാസ മുന്നിട്ടിറങ്ങുന്നത്. ആര്‍ട്ടെമിസ് 1 റോക്കറ്റില്‍ മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യില്ല. പകരം എസ്എല്‍എസ് റേക്കറ്റില്‍ യാത്രക്കാര്‍ക്കായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം ചന്ദ്രന്റെ ഭ്രമണ പഥം സന്ദര്‍ശിക്കുകയും തിരികെ ഭൂമിയിലെത്തുകയും ചെയ്യും.
2025 ഓടെ ഇതിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. നാസയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ മറ്റൊരു നിര്‍ണായക വഴിത്തിരിവായിരിക്കും ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.