'ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്'; പ്രിയങ്കയുടെ സാന്നിധ്യം നിര്‍ണായകമെന്നും സര്‍വേ ഫലം

'ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്'; പ്രിയങ്കയുടെ സാന്നിധ്യം നിര്‍ണായകമെന്നും സര്‍വേ ഫലം

ഷിംല: ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ സ്വന്തം നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ദേശീയ നേതാക്കള്‍ പലവട്ടമെത്തി പ്രചരണം നടത്തിയിട്ടും ഹിമാചലില്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. ഇരു പാര്‍ട്ടികളും തമ്മില്‍ ഒരു ശതമാനത്തിന്റെ വോട്ടു വ്യത്യാസം മാത്രമാണ് ഉണ്ടാവുകയെന്നും സര്‍വേയില്‍ പറയുന്നു.

തൂക്കു മന്ത്രിസഭയ്ക്ക് വരെ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് സാന്നിധ്യമറിയിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബിജെപിക്ക് 31 മുതല്‍ 38 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 29 മുതല്‍ 37 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.5 ശതമാനം വോട്ട് വര്‍ധനവ് ഉണ്ടാകുമ്പോള്‍ ബിജെപിക്ക് ഇത്തവണ 3.9 ശതമാനം കുറവുണ്ടാകും.

എഎപി സംസ്ഥാനത്ത് 3.3 ശതമാനം വോട്ടുകള്‍ നേടും. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനമാണ് കോണ്‍ഗ്രസിന്റെ വോട്ടിങ് വര്‍ധനവിന് സഹായകമാകുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.

68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആം ആദ്മിക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും പറയുന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരേയും നേടാം. ഒക്ടോബര്‍ മൂന്നിന് പുറത്ത് വിട്ട എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നു.

ബിജെപി 37 - 45 നിയമസഭാ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പിന്നീടുണ്ടായ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം വളരെ പെട്ടന്ന് കാര്യങ്ങള്‍ മാറ്റി മറിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. നവംബര്‍ 12 നാണ് വോട്ടെടുപ്പ്. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.