തടവിലാക്കപ്പെട്ട നാവികരെ യുദ്ധക്കപ്പലിലേക്ക് മാറ്റി: നൈജീരിയയ്ക്ക് കൈമാറാന്‍ വീണ്ടും നീക്കം; ആശങ്കയേറുന്നു

തടവിലാക്കപ്പെട്ട നാവികരെ യുദ്ധക്കപ്പലിലേക്ക് മാറ്റി: നൈജീരിയയ്ക്ക് കൈമാറാന്‍ വീണ്ടും നീക്കം; ആശങ്കയേറുന്നു

കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ ഇക്വറ്റോറിയയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റി. ഇവരെ നൈജീരിയയിലേക്ക് കൊണ്ടു പോകാനാണ് ശ്രമമെന്ന് നാവികര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

നയതന്ത്ര തലത്തില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ നാവികരുടെ മോചനം വൈകുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള തടവിലാക്കപ്പെട്ടവരുടെ മറ്റൊരു വീഡിയോ സന്ദേശം കൂടി പുറത്തു വന്നു. ഇക്വറ്റോറിയല്‍ ഗിനി സൈനികര്‍ തങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും സന്ദേശത്തിലുണ്ട്.

കഴിഞ്ഞ ദിവസം ജയിലിലേക്ക് മാറ്റിയ മുഴുവന്‍ നാവികരെയും ഇന്നാണ് യുദ്ധക്കപ്പലില്‍ തിരിച്ചെത്തിച്ചത്. ഇക്വറ്റോറിയല്‍ ഗിനി വിട്ടാല്‍ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് മുഖ്യ ഓഫീസര്‍ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. കപ്പല്‍ കെട്ടി വലിച്ചുകൊണ്ടുപോകാനാണ് നീക്കമെന്ന് സനു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നും കപ്പലിലെ ക്രൂഡ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് നൈജീരിയയുടെ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് ഒമ്പതിന് മൂന്ന് മലയാളികള്‍ ഉള്‍പ്പെടുന്ന 26 നാവികരെ ഇക്വറ്റോറിയല്‍ ഗിനി തടവിലാക്കിയത്. കഴിഞ്ഞ ദിവസം എല്ലാ കപ്പല്‍ ജീവനക്കാരുടെയും പാസ്പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ നാവികരുടെ യാത്രാ രേഖകള്‍ നൈജീരിയയ്ക്ക് കൈമാറി കേന്ദ്രം നയതന്ത്ര നീക്കം ആരംഭിച്ചതിനു പിന്നാലെയാണ് പിടിയിലായവരെ നൈജീരിയയിലേക്ക് മാറ്റുമെന്ന് വാര്‍ത്ത വീണ്ടും പുറത്തു വരുന്നത്.

കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകള്‍ നൈജീരിയക്ക് കൈമാറിയിരുന്നു. ഇതിനൊപ്പം കപ്പല്‍ അധികൃതര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. നാവികരുടെ മോചനത്തിനായി സര്‍ക്കാര്‍ എത്രയും വേഗത്തില്‍ ഇടപെടണമെന്നാണ് വന്ധുക്കളുടെ ആവശ്യം. നൈജീയയ്ക്ക് കൈമാറിയാല്‍ ഇവരുടെ മോചനം അസാധ്യമാകുമോ എന്ന ഭയവും ബന്ധുക്കള്‍ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.