ന്യൂഡൽഹി: ദളിത് വിഭാഗങ്ങളിൽ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവർക്കും എസ്.സി പദവി നൽകണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്രസർക്കാർ. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണനയുമാണ് എസ്.സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറിയവർ തൊട്ടുകൂടായ്മ നേരിടുന്നില്ല. മാത്രമല്ല വിദേശ മതങ്ങളിൽ വിശ്വസിക്കുന്നവരാണ് ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾ. ഈ സാഹചര്യത്തിൽ അവർക്കും എസ്.സി പദവി നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ക്രൈസ്തവ, ഇസ്ലാം മതങ്ങൾ ഇന്ത്യയിൽ ഉടലെടുത്ത മതവിശ്വാസങ്ങളല്ല. ഇന്ത്യയിൽ ഈ രണ്ടു മതങ്ങളും വളർന്നതിനു പിന്നിൽ വിദേശ സംഭാവന ഉണ്ട്. ഇന്ത്യയിലെ മറ്റു മതങ്ങളും ക്രൈസ്തവ, ഇസ്ലാം മതങ്ങളും തമ്മിൽ വളരെ പ്രകടമായ വ്യത്യാസങ്ങളാണുള്ളത്. ഇതു സംബന്ധിച്ച് കൃത്യമായ വർഗീകരണം ആവശ്യമാണ്.
പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ബുദ്ധമതം സ്വീകരിച്ചവർ 1956ൽ ഡോ. അംബേദ്കറുടെ ആഹ്വാനത്തിന് പിന്നാലെ സ്വമേധയാ ബുദ്ധമതത്തിലേക്കു മാറിയവരാണ്. അവരുടെ ജാതിയും സമുദായവും അങ്ങനെ തന്നെ നിൽക്കുകയും ചെയ്യുന്നു.
എന്നാൽ, ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർ മറ്റു പല കാര്യങ്ങൾക്കുവേണ്ടി അങ്ങനെയായവരാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഈ മതപരിവർത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്നും കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
പല ഹിന്ദു ജാതികളിലുമുള്ളതുപോലെ അടിച്ചമർത്തലും തൊട്ടുകൂടായ്മയും ക്രൈസ്തവർക്കും മുസ്ലീംകൾക്കും ഇടയിൽ ഇല്ലാത്തതുകൊണ്ടാണ് ആ മതങ്ങളിലേക്കു പരിവർത്തനം ചെയ്തവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താത്തത്. ദളിത് ക്രൈസ്തവരും ദളിത് മുസ്ലിങ്ങളും അടിച്ചമർത്തൽ അനുഭവിക്കുന്നതായി കൃത്യമായി തെളിയിക്കുന്ന രേഖകളൊന്നും തന്നെയില്ലെന്നും സർക്കാർ പറയുന്നു.
മതം മാറിയവർക്ക് എസ്.സി പദവി നൽകണമെന്ന രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കില്ല. മതിയായ പഠനമോ സർവേയോ നടത്താതെയാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയിട്ടുള്ളത്.
വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ആധ്യക്ഷനായി സർക്കാർ പുതിയ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.