ന്യൂഡല്‍ഹി: ടിവി ചാനലുകള്‍ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യ പ്രസക്തിയുള്ളതുമായ വിഷയങ്ങളില്‍ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ. രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്കിംഗ്-ഡൗണ്‍ലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികള്‍ പരിഷ്‌കരിച്ച മാര്‍ഗരേഖ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 11 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്‌കരണം.
പുതിയ മാര്‍ഗരേഖ പ്രകാരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇന്ത്യന്‍ ടെലി പോര്‍ട്ടുകള്‍ക്കു വിദേശ ചാനലുകള്‍ അപ്ലിങ്ക് ചെയ്യാം. ഭാഷ മാറ്റല്‍, എസ്.ഡി-എച്ച്.ഡി മാറ്റം എന്നിവയ്ക്കും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. സി ബാന്‍ഡ് ഒഴികെയുള്ള ഫ്രീക്വന്‍സി ബാന്‍ഡില്‍ അപ്ലിങ്കുചെയ്യുന്ന ടിവി ചാനലുകളുടെ സിഗ്‌നലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യണം.
ടിവി ചാനലുകളുടെ അപ്ലിങ്കിംഗ്, ഡൗണ്‍ലിങ്കിംഗ്, ടെലി പോര്‍ട്ടുകള്‍ /ടെലി പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കല്‍, ഡിജിറ്റല്‍ ഉപഗ്രഹ വാര്‍ത്താ ശേഖരണം (ഡിഎസ്എന്‍ജി)/ ഉപഗ്രഹ വാര്‍ത്താ ശേഖരണം (എസ്എന്‍ജി)/ ഇലക്ട്രോണിക്‌സ് വാര്‍ത്താ ശേഖരണ (ഇ.എന്‍.ജി) സംവിധാനങ്ങള്‍, വാര്‍ത്താ ഏജന്‍സികളുടെ അപ്ലിങ്കിംഗ്, തത്സമയ പരിപാടിക്കായുള്ള താത്കാലിക അപ്ലിങ്കിംഗ് അനുമതികളും സുഗമമാക്കി.
പുതിയ മാര്‍ഗരേഖ ഇങ്ങനെ-
*രണ്ടു ഡയറക്ടര്‍മാരുള്ള കമ്പനികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വ്യാവസായിക തീരുമാനങ്ങള്‍ എടുക്കാന്‍ സുരക്ഷാ അനുമതിക്കു വിധേയമായി ഒരാളെ മാറ്റാം.
* ഡി.എസ്.എന്‍.ജി ഒഴികെ, ഒപ്റ്റിക് ഫൈബര്‍, ബാഗ് ബാക്ക്, മൊബൈല്‍ തുടങ്ങിയ വാര്‍ത്താ ശേഖരണ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഇളവ്.
* വാര്‍ത്താ ഏജന്‍സികള്‍ക്കുള്ള ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷം.
* ഒന്നിലധികം ടെലിപോര്‍ട്ടുകള്‍/ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ചാനല്‍ അപ്ലിങ്ക് ചെയ്യാം.
* ടിവി ചാനല്‍/ടെലിപോര്‍ട്ട് കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി.
* കുടിശിക അടയ്ക്കാന്‍ സുരക്ഷാ നിക്ഷേപങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.