യുഎഇ ദേശീയ ദിനം, അവധിദിനങ്ങള്‍ ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിച്ചു

യുഎഇ ദേശീയ ദിനം, അവധിദിനങ്ങള്‍ ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിച്ചു

ദുബായ്: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ വരുന്നതോടെ നവംബർ അവസാനവാരവും ഡിസംബർ ആദ്യവാരവും ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധന. ക്രിസ്മസ് പുതുവത്സര അവധി മുന്നില്‍ കണ്ട് ഡിസംബർ രണ്ടാം വാരം മുതല്‍ ടിക്കറ്റ് നിരക്കില്‍ നേരത്തെ തന്നെ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുളളത്.

ഡിസംബർ രണ്ട് വെള്ളിയാഴ്ചയാണ് യുഎഇയുടെ ദേശീയ ദിനം. ഇതോടെ വാരാന്ത്യ അവധികൂടി കണക്കാക്കുമ്പോള്‍ ഡിസംബർ 2, 3,4 ദിവസങ്ങളില്‍ അവധി ലഭിക്കും. ഡിസംബർ 10 ഓടെ സ്കൂളുകളില്‍ ശൈത്യകാല അവധിയും ആരംഭിക്കും. ജനുവരി രണ്ടിനാണ് പിന്നീട് സ്കൂളുകള്‍ തുറക്കുക. ഈ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് കുടുംബവുമൊത്ത് യാത്ര ചെയ്യാനിരിക്കുന്നവർക്ക് ഇരുട്ടടി നല്‍കിയാണ് ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളിലേക്ക് 2500 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.

കൊച്ചിയിലേക്കും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമൊക്കെ ടിക്കറ്റ് നിരക്കില്‍ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ നവംബർ 20 ന് ആരംഭിക്കാനിരിക്കെ പലരും യുഎഇയില്‍ താമസിച്ച് ഖത്തറില്‍ പോയി വരുന്ന രീതിയിലാണ് യാത്ര സജ്ജമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നവംബർ അവസാന വാരത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.