'മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കട്ടെ'; കത്ത് വിവാദത്തില്‍ ആര്യാ രാജേന്ദ്രന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

 'മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കട്ടെ'; കത്ത് വിവാദത്തില്‍ ആര്യാ രാജേന്ദ്രന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്ക് പറയാനുള്ളതു കേട്ട ശേഷം തുടര്‍ നടപടികളിലേക്കു കടക്കാമെന്ന് അറിയിച്ചു.

മേയറുടെ ഒപ്പും സീലും വച്ച ലെറ്റര്‍ പാഡില്‍ പുറത്തു വന്ന കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിലവില്‍ പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ നിരത്തിയത്. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു.

ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കും കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിനും നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഹര്‍ജി 25 ന് വീണ്ടും പരിഗണിക്കും.

കോര്‍പ്പറേഷനിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.