സെനറ്റില്‍ ഇഞ്ചോടിഞ്ച്; പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം: വിധിയറിയാന്‍ ഇനിയും കാത്തിരിക്കണം

സെനറ്റില്‍ ഇഞ്ചോടിഞ്ച്; പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം: വിധിയറിയാന്‍ ഇനിയും കാത്തിരിക്കണം

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ മുള്‍മുനയിലാണ് ഡെമോക്രാറ്റിക് - റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും പുതിയ കണക്കുകള്‍ പ്രകാരം പ്രതിനിധിസഭയിലെ 435-ല്‍ 207 സീറ്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ നേടി. ഡെമോക്രാറ്റുകള്‍ 189 സീറ്റില്‍ ജയിച്ചു. ഇതോടെ പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍തൂക്കം നേടിയെങ്കിലും ഭൂരിപക്ഷമായിട്ടില്ല. 218 സീറ്റാണ് ഭൂരിപക്ഷം.

ഇരുകക്ഷിക്കും തുല്യബലമുള്ള സെനറ്റിലെയും അന്തിമചിത്രമായിട്ടില്ല. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തുല്യനിലയിലാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൊത്തം അംഗബലം 48 ആണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 47.

സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 50 സീറ്റ് മതി. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 വേണം. 50-50 എന്നായാല്‍ വൈസ് പ്രസിഡന്റ് കമല ഹാരീസിന് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി ടൈ - ബ്രേക്കിംഗ് വോട്ട് ചെയ്യാം.

435 ജനപ്രതിനിധിസഭ, 35 സെനറ്റ്, 36 ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്.

പെന്‍സില്‍വാനിയ സെനറ്റ് സീറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിടിച്ചെടുത്തതു ബൈഡനു നേട്ടമായി. ട്രംപിന്റെ പിന്തുണയുള്ള മെഹ്‌മെത് ഓസിനെയാണ് ജോണ്‍ ഫെറ്റര്‍മന്‍ പരാജയപ്പെടുത്തിയത്.

ഫ്‌ളോറിഡയില്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിന് ലഭിച്ച വന്‍ വിജയം റിപ്പബ്ലിക്കന്‍ പക്ഷത്തിന് ആശ്വാസമായി. ഗര്‍ഭച്ഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ് റോണ്‍ ഡി സാന്റിസ്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ അഞ്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. അമരീഷ് ബേറ, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍, ശ്രീ താനേദാര്‍ എന്നിവരാണ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജര്‍.

അലാസ്‌ക, നെവാഡ, വിസ്‌കോണ്‍സിന്‍, അരിസോണ എന്നിവിടങ്ങളിലെ ഫലം വരുന്നതോടെ സെനറ്റ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും.

ജോര്‍ജിയയിലെ ഡെമോക്രാറ്റിക് സെനറ്റര്‍ സ്ഥാനാര്‍ത്ഥി റാഫേല്‍ വാര്‍നോക്കും എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹെര്‍ഷല്‍ വാക്കറും തമ്മിലുള്ള കടുത്ത മത്സരം അടുത്തടുത്ത് ഫിനിഷ് ചെയ്തതോടെ റണ്ണോഫിലേക്ക് നീങ്ങി. ഇതോടെ തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം ഡിസംബര്‍ ആറിന് നടക്കും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തകയായ ടെക്‌സാസില്‍ ഇക്കുറിയും മാറ്റമുണ്ടായില്ല. ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് മികച്ച വിജയം നേടി. ഇതു മൂന്നാം തവണയാണ് ഗ്രെഗ് അബോട്ട് ടെക്‌സസ് ഗവര്‍ണറാകുന്നത്. എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റൊ ഒ. റൂര്‍ക്കെയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

36 സംസ്ഥാന ഗവര്‍ണര്‍മാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്. തപാല്‍വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ വോട്ടെണ്ണല്‍ നീണ്ടുപോകാന്‍ സാധ്യത ഉണ്ട് . ജനപ്രതിനിധിസഭയിലും സെനറ്റിലും ആര്‍ക്കാണ് ഭൂരിപക്ഷമെന്നു വ്യക്തമാകാന്‍ ദിവസങ്ങള്‍ എടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം.

ജനുവരിയില്‍ പുതിയ കോണ്‍ഗ്രസ് നിലവില്‍ വരുമ്പോള്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്ക് പകരം റിപ്പബ്ലിക്കന്‍ സ്പീക്കര്‍ വരും. റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തിയെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിനിധി സഭയെ കൈപ്പിടിയിലാക്കുന്നതോടെ ബൈഡന്റെ പല നയങ്ങളെയും തടയാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.