ഗുജറാത്തില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ ഹാര്‍ദിക് പട്ടേലും രിവാബ ജഡേജയും

 ഗുജറാത്തില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ ഹാര്‍ദിക് പട്ടേലും രിവാബ ജഡേജയും

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 160 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആകെ 182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്.

കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. വീരംഗ്രാം മണ്ഡലത്തില്‍ നിന്നാണ് പട്ടേലിന്റെ പോരാട്ടം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ രിവാബ ജഡേജയും ബിജെപി സ്ഥാനാര്‍ഥിയാണ്.

2019 ലാണ് രവീന്ദ്ര ജഡേജയും ഭാര്യയും ബിജെപിയില്‍ ചേര്‍ന്നത്. രിവാബ ജഡേഡ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടും. ഇവിടെ ധര്‍മേന്ദ്ര സിങ് എം ജഡേജയായിരുന്നു സിറ്റിങ് എംഎല്‍എ. ഇദ്ദേഹത്തെ മാറ്റിയാണ് രിവാബ ജഡേജയെ ബിജെപി മല്‍സരിപ്പിക്കുന്നത്. എഞ്ചിനിയറിങ് ബിരുദ ധാരിയാണ് രിവാബ ജഡേജ.

പാര്‍ട്ടി വിട്ട ഏഴ് പഴയ കോണ്‍ഗ്രസ് നേതാക്കളെയും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നുണ്ട്. അടുത്തിടെ പാലം തകര്‍ന്ന് ദേശീയ തലത്തില്‍ ചര്‍ച്ചയായ മോര്‍ബി മണ്ഡലത്തില്‍ ബിജെപി സിറ്റിങ് എംഎല്‍എയെ മാറ്റി മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയെ ആണ് മല്‍സരിപ്പിക്കുന്നത്.

പാലം തകര്‍ന്ന വേളയില്‍ പുഴയിലേക്ക് ചാടി നിരവധി പേരെ രക്ഷപ്പെടുത്തിയ വ്യക്തിയാണ് കാന്തിലാല്‍. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചാല്‍ ബിജെപിക്കെതിരായ വികാരം മറികടക്കാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗഡ്ലോഡിയ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് പിടിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ തന്നെയാകും മുഖ്യമന്ത്രി എന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 27 വര്‍ഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണ മുതിര്‍ന്ന ചില നേതാക്കളെ പാര്‍ട്ടി മല്‍സരിപ്പിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടില്ല. അവര്‍ സ്വയം പിന്‍മാറുകയായിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒന്നിനും അഞ്ചിനും. ആദ്യ ഘട്ടം 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടം 93 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലും ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.