മാണിക്ക് വച്ചത് കോണിക്ക് കൊണ്ടോ; മുസ്ലിം ലീഗ് പ്രശ്നത്തിലേക്കോ ?

മാണിക്ക് വച്ചത് കോണിക്ക് കൊണ്ടോ; മുസ്ലിം ലീഗ് പ്രശ്നത്തിലേക്കോ ?

കൊച്ചി : മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുണ്ടാകൂ. രണ്ട് ജനപ്രതിനിധികള്‍ അറസ്റ്റിലാകുന്ന സാഹചര്യം. അതില്‍ ഒരാള്‍ മുന്‍ മന്ത്രിയും. മൂന്നാമത്തെ ജനപ്രതിനിധിയ്‌ക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് മുസ്ലീം ലീഗ് ഇപ്പോള്‍ കടന്നുപോകുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടെങ്കിലും അതിന്റെ കളങ്കം ഇതുവരെ മാറിയിട്ടില്ല.

ജനപ്രതിനിധിയായിരിക്കെ തട്ടിപ്പ് കേസിലും അഴിമതി കേസിലും ആയി രണ്ട് മുസ്ലീം ലീഗ് നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ആദ്യം മഞ്ചേശ്വരം എംഎല്‍എ ആയ എംസി കമറുദ്ദീന്‍ അറസ്റ്റിലായി. പിറകെ ഇപ്പോള്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയും ആയ വികെ ഇബ്രാഹിം കുഞ്ഞും. എംസി കമറുദ്ദീന്റേത് ബിസിനസ് പൊളിഞ്ഞതാണെന്നാണ വാദമാണ് ലീഗ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇബ്രാഹിം കുഞ്ഞിന്റെ കാര്യത്തില്‍ അത്തരമൊരു ഒഴിവുകഴിവിന് പോലും സാധ്യതയില്ല. പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി പൊതുജനസമക്ഷം ബോധ്യപ്പെട്ട ഒന്നാണ്.

ആദ്യം അറസ്റ്റിലായത് എംസി കമറുദ്ദീന്‍ ആയിരുന്നു. അതിന് പിറകെയാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവും ആയ വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാകുന്നത്. അഴീക്കോട് എംഎല്‍എ കെഎം ഷാജിയും അഴിമതി കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷാജിയുടെ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായപ്പോഴാണ് ലീഗ് ഏറെക്കുറേ സമാനമായ പ്രതിരോധത്തില്‍ ആയിപ്പോയത്. അന്ന് മുസ്ലീം ലീഗ് സംസ്ഥാന ഭരണത്തിലും പങ്കാളിയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ വിവാദത്തിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുന്നണി പോരാളിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി പോലും തോറ്റമ്പി. മുസ്ലീം ലീഗിന്റെ ആകെ സീറ്റ് ഏഴിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. തിരൂരില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ജയിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഇത്തവണ ഒന്നല്ല, മൂന്ന് നേതാക്കള്‍ക്കെതിരെയാണ് അഴിമതി, തട്ടിപ്പ് ആരോപണങ്ങള്‍. അതില്‍ രണ്ട് പേര്‍ ഇപ്പോള്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

2006 ലേതിന് സമാനമായി ഈ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അത് മുസ്ലീം ലീഗിന് കടുത്ത തിരിച്ചടിയാകും മുന്നണിയില്‍ സൃഷ്ടിക്കുക എന്ന് ഉറപ്പാണ്. ആരോപണ വിധേയരായവരെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് മുസ്ലീം ലീഗിന്റെ പ്രഖ്യാപിത നയമൊന്നും അല്ല. എന്നാല്‍ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞിനേയും കെഎം ഷാജിയേയും എസി കമറുദ്ദീനേയും മുസ്ലീം ലീഗ് മാറ്റി നിര്‍ത്താനാണ് സാധ്യത കൂടുതല്‍. അഴിമതി കേസില്‍ അറസ്റ്റിലായിട്ടും എംസി കമറുദ്ദീനേയും വികെ ഇബ്രാഹിം കുഞ്ഞിനേയും കൈയ്യൊഴിയാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ലീഗ്, യുഡിഎഫ് നേതൃത്വത്തിന്റെ ആരോപണം.

കെ എം മാണിയെ അഴിമതിക്കേസിൽ കുടുക്കാനും, കേരളാ കോൺഗ്രസ്സുകളെ പിളർത്താനും മുസ്ലിം ലീഗിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്നു എന്ന് കേരളാ കോൺഗ്രസ്സിലെ നല്ലൊരു വിഭാഗം അണികളും വിശ്വസിക്കുന്നു. കേരളാ കോൺഗ്രസ്സുകൾ ദുരബലമായ തക്കത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അധിക സീറ്റുകൾ ചോദിക്കാൻ മുസ്ലിം ലീഗ് നേതാക്കൾ തുനിഞ്ഞതും, കേരളാ കോൺഗ്രസുകാരെ ചൊടിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.