ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമല്ല. ചിലര്‍ക്ക് ശരിയായ ശരീരഭാരത്തിലേക്കെത്താന്‍ ഒരു മാസം മതിയാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഇത് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രയത്നമാണ്. അതുവരെ ഉണ്ടായിരുന്ന ശീലങ്ങളും, ഭക്ഷണക്രമവുമെല്ലാം മാറ്റന്നത് ഒരുപാട് സമയവും ക്ഷമയും ആവശ്യപ്പെടുന്നതാണ്. അതുകൊണ്ട് സാവധാനം പുതിയ ജീവിത രീതിയിലേക്ക് കടക്കുന്നതാണ് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം. 
ജീവിത രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഈ യാത്രയിലേക്ക് കടക്കാം. 
ഭക്ഷണം ഒഴിവാക്കരുത് 
കലോറി കുറയ്ക്കാന്‍ ഭക്ഷണം തന്നെ വേണ്ടെന്നു വെയ്ക്കുകയാണ് പലരും ചെയ്യുന്നത്. പക്ഷെ അളവ് കുറച്ച് കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്. ദിവസവും രണ്ട് തവണ വയറ് നിറയുവേളം കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത് ആറ് തവണയായി കഴിക്കുന്നത്. 
ഭക്ഷണത്തിന് മുമ്പ് വെള്ളം
ചിലപ്പോള്‍ ദാഹിക്കുമ്പോഴും നമ്മുടെ തലച്ചോര്‍ വിശക്കുന്നു എന്ന സന്ദേശമാണ് നല്‍കുക. ഭക്ഷണം കഴിച്ചിട്ടും വീണ്ടും വിശപ്പ് തോന്നുകയാണെങ്കില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. കാരണം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെന്ന സൂചനയാണ് ഇത് തരുന്നത്. മാത്രവുമല്ല അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. 
എന്നും നടക്കാം
ജീവിതത്തിലൊരിക്കലും വ്യായാമം ശീലിക്കാത്തവര്‍ക്ക് പെട്ടെന്ന് അത് തുടങ്ങുന്നത് അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് ഏറ്റവും എളുപ്പമുള്ള ശീലങ്ങളില്‍ തുടങ്ങുന്നതാണ് നല്ലത്. ശരീരഭാരം കുറയണം എന്ന ആഗ്രഹം മാറ്റി നിര്‍ത്തിയാലും എല്ലാ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 
വെള്ളം കുപ്പി കൈയില്‍ തന്നെ
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ഇത് ശരീരം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കും. 
എന്താണ് കഴിക്കുന്നതെന്ന് വായിക്കാം
എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക വളരെ പ്രധാനമാണ്. പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണം ശരീരഭാരം കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൂടുതലായി വായിച്ചറിയുന്നത് ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. 
മദ്യപാനത്തില്‍ ശ്രദ്ധവേണം
മദ്യത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കലോറി പലരും മറക്കാറുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ വ്യത്യസ്ത പാനിയങ്ങളില്‍ അടങ്ങിയിട്ടുള്ള കലോറിയും വ്യത്യസ്തമായിരിക്കും. ഇത് കോക്ടെയില്‍ പോലെയാക്കി മാറ്റുമ്പോള്‍ കൂടുതന്‍ അനാരോഗ്യകരമാകും. 
വീട്ടിലുണ്ടാക്കിയ ഭക്ഷണം
കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ അത് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഭക്ഷണമാണെന്ന് അനുമാനിച്ച് നമ്മള്‍ പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണം പോലും അങ്ങനെയാകണമെന്ന് നിര്‍ബന്ധമില്ല. വീട്ടില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് വേണ്ട പച്ചക്കറികളും പഴങ്ങളും അതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാനാകും. 
ഫിറ്റ്നസ് ട്രാക്കര്‍
വെയിറ്റ് ലോസ് യാത്രയില്‍ നിങ്ങള്‍ക്ക് കൂട്ടായി ഇപ്പോള്‍ പല ആപ്പുകളും ഫോണില്‍ സൗജന്യമായിത്തന്നെ കിട്ടും. ഇത് നിങ്ങളുടെ ദിനചര്യയെക്കുറിച്ച് കൃത്യമായ റെക്കോര്‍ഡുണ്ടാക്കാനും ശാരീരിക പ്രവര്‍ത്തികള്‍ നിരീക്ഷിക്കാനും സഹായിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.