വത്തിക്കാന്‍ സിറ്റി: മനുഷ്യയാതനകളോടുള്ള ക്രിസ്തുവിന്റെയും കത്തോലിക്ക സഭയുടെയും പ്രതിബദ്ധതയാണ് ഷെല്‍ട്ടറിങ് എന്ന ശില്‍പത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഭവനരഹിതനായ മനുഷ്യനെ ഒരു പ്രാവ് പുതപ്പുമായി വന്ന് പുതപ്പിക്കുന്ന വിധമുള്ള വെങ്കലശില്‍പം കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് പാപ്പ അനാശ്ചാദനം ചെയ്തത്. ദുരിതമനുഭവിക്കുന്നവരോടുള്ള മാര്‍പ്പാപ്പയുടെയും സഭയുടെയും കാരുണ്യത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതായിരുന്നു തിമോത്തി ഷ്മാല്‍സ് എന്ന കനേഡിയന്‍ കലാകാരന്‍ സൃഷ്ടിച്ച ശില്‍പ്പം.
പാവങ്ങളോടുള്ള നമ്മുടെ ആത്മീയ കടമയുടെ ഓര്‍മ്മപ്പെടുത്തലാണ് 'ഷെല്‍റ്ററിംഗ്' എന്ന ശില്‍പമെന്നാണ് അനാച്ഛാദന വേളയില്‍
ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ശില്‍പ്പം ഭവനരഹിതരുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച (നവംബര്‍ 13) പാവപ്പെട്ടവരുടെ ആഗോളദിനം ആചരിക്കാനിരിക്കെ ഈ ശില്‍പത്തിന്റെയും അതു നല്‍കുന്ന സന്ദേശത്തിന്റെയും പ്രസക്തി ഏറെയാണ്. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവര്‍ത്തികളിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന്റെ, 'പതിമൂന്ന് ഭവനങ്ങള്‍ക്കായുള്ള പ്രചാരണം' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശില്‍പ്പം ഒരുക്കിയത്.
'ഷെല്‍ട്ടറിങ്' എന്ന വെങ്കല ശില്‍പം ഫ്രാന്‍സിസ് പാപ്പ അനാച്ഛാദനം ചെയ്യുന്നു
പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകര്‍ അറിയിച്ചു. 2023 അവസാനത്തോടെ വിന്‍സെന്‍ഷ്യന്‍ സമൂഹം പ്രവര്‍ത്തിക്കുന്ന 160-ലധികം രാജ്യങ്ങളില്‍ പതിനായിരത്തോളം ഭവനരഹിതര്‍ക്ക് വാസസ്ഥലം ഒരുക്കാനാണ് സന്യാസ സമൂഹത്തിന്റെ പദ്ധതി.
നമുക്ക് ചുറ്റുമുള്ള ഭവനരഹിതരെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ശില്‍പമെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്ററും ഡിപോള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പ്രസിഡന്റുമായ മാര്‍ക്ക് മക്ഗ്രീവി പറഞ്ഞു. നാം ഭവനരഹിതരായ ആളുകളുടെ കഥകള്‍ ശ്രവിക്കുകയും ദീര്‍ഘകാല മാറ്റം നല്‍കുന്ന പരിഹാരങ്ങള്‍ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
'യേശുവിന്റെയും വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെയും പ്രചോദനം നമ്മെ വലിയ സ്വപ്നങ്ങളിലേക്ക് നയിക്കുന്നു. ചരിത്രത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ എല്ലാ മനുഷ്യര്‍ക്കും മാന്യമായ ഭവനവും ജീവിതവും ലഭിക്കണമെന്നതാണ് തങ്ങളുടെ സ്വപ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോമിലെയും വത്തിക്കാനിലെയും പള്ളികള്‍ ഉള്‍പ്പെടെ ലോകമെമ്പാടും സ്ഥാപിച്ചിട്ടുള്ള വെങ്കലത്തിലുള്ള വലിയ ശില്‍പ്പങ്ങള്‍ സൃഷ്ട്ടിച്ച കലാകാരനാണ് തിമോത്തി ഷ്മാല്‍സ്. 25 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സൃഷ്ടികളില്‍ ഭൂരിഭാഗവും ഭവനരഹിതര്‍, ദാരിദ്ര്യം, കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു. ടൊറന്റോയിലെ പാര്‍ക്ക് ബെഞ്ചില്‍ 'ഉറങ്ങുന്ന ഭവനരഹിതനായ യേശു', സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന്റെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന 'ഏഞ്ചല്‍സ് അണ്‍അവേര്‍സ്' തുടങ്ങി അദ്ദേഹം നിര്‍മിച്ച വിവിധ ശില്‍പ്പങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26