സ്‌കാനിങ് സെന്ററില്‍ യുവതിയുടെ ദൃശ്യം പകര്‍ത്തിയ സംഭവം; നിര്‍ണ്ണായകമായത് യുവതിയുടെ അടിയന്തര ഇടപെടല്‍

സ്‌കാനിങ് സെന്ററില്‍ യുവതിയുടെ ദൃശ്യം പകര്‍ത്തിയ സംഭവം; നിര്‍ണ്ണായകമായത് യുവതിയുടെ അടിയന്തര ഇടപെടല്‍

പത്തനംതിട്ട: അടൂരില്‍ സ്‌കാനിങ് സെന്ററില്‍ എത്തിയ യുവതിയുടെ ദൃശ്യം പകര്‍ത്തിയ കേസില്‍ നിര്‍ണ്ണായകമായത് മൊബൈല്‍ ഫോണ്‍ യുവതി കൈയ്യോടെ പൊക്കിയതാണ്. ചെറിയ വെട്ടം കണ്ണിലുടക്കിയതാണ് യുവതിക്ക് സംശയം തോന്നാന്‍ കാരണം. പിന്നാലെ മൊബൈല്‍ യുവതി കൈക്കലാക്കുകയായിരുന്നു.

വീഡിയോ എടുക്കുന്ന കാര്യം യുവതി തിരിച്ചറിഞ്ഞെന്ന് മനസിലായ റേഡിയോഗ്രാഫര്‍ മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ നല്‍കിയില്ല.
തുടര്‍ന്ന് വീട്ടുകാരെ ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവത്തില്‍ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അന്‍ജിത്താണ് അറസ്റ്റിലായത്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്‌കാനിങ് സെന്ററിലാണ് സംഭവം. രണ്ട് മാസം മുന്‍പാണ് ഈ സ്‌കാനിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ ഇവിടുത്തെ ജീവനക്കാരനാണ്.

നിലവില്‍ സമാനമായ മറ്റു സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.