ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റല്‍: സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ; ബില്‍ തയ്യാറാക്കാന്‍ പ്രത്യേക സംഘം

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റല്‍: സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ; ബില്‍ തയ്യാറാക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബിൽ തയ്യാറാക്കാൻ ഒരുക്കം തുടങ്ങിയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിയമസഭ പാസാക്കിയ നിലവിലുള്ള ബില്ലിൽ ഭേദഗത്തി വരുത്തുകയോ പുതിയ ബില്ല് അവതരിപ്പിക്കുകയോ ആണ് ചെയ്യുക. പഴുതുകൾ ഇല്ലാതെ കുറ്റമറ്റ ബിൽ അവതരിപ്പിക്കുന്നതിന് അതീവ ജാഗ്രതയോടെയാണ് ഓരോ നീക്കവും.

ചാൻസലർ പദവി മാറ്റാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതോടെയാണ് ബിൽ അവതരിപ്പിക്കാനുള്ള ഘട്ടത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി ബിൽ തയ്യാറാക്കും. 

ഗവർണർപദവിയിൽനിന്ന് ചാൻസലറെ മാറ്റുന്നതിനു പുറമേ സർവകലാശാലാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിയമനിർമാണവും ആലോചനയിലുണ്ട്. തിങ്കളാഴ്ചതന്നെ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കുതുടക്കമിടും. 

ഗവർണർ ഭീഷണി തുടരുന്നതിനാൽ നിയമസഭ വിളിക്കുന്നതിൽ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തേക്കും. ഓർഡിനൻസ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികൾ മന്ത്രിസഭായോഗം വിലയിരുത്തും. തുടർന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക. 

ഡിസംബറിൽ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവർഷം സഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന. 

ചാൻസലറെ നിശ്ചയിക്കാനുള്ള നിയമനിർമാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാർശകളും സർക്കാർ പരിഗണിക്കുന്നുണ്ട്.

പ്രോ-ചാൻസലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം, സിൻഡിക്കേറ്റും സെനറ്റും ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും. ഇതെല്ലാം പരിശോധിച്ചാകും നിയമനിർമാണം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.