ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ കമ്മീഷന് ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍. വിദ്യാഭ്യാസ മേഖലയിൽ നിയമലംഘനം നടത്തുന്നവർക്ക് അഞ്ചു കോടി രൂപ വരെ പിഴ ശിക്ഷ വിധിക്കാവുന്നവിധം വിപുലമായ അധികാരങ്ങളുള്ള നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) ബില്ലിന് അന്തിമ രൂപമായി.
കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബിൽ പ്രകാരം, സ്ഥാപനം നടത്തുന്ന ഏതു നിയമലംഘനത്തിനും അതിന്റെ മേലധികാരി ശിക്ഷാർഹനായിരിക്കും. ഉത്തരവാദിയല്ലെങ്കിൽ അത് മേലധികാരി തെളിയിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഏകീകരിക്കാനുദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ ബില്ലിൽ ഉന്നത വിദ്യാഭ്യാസ കമീഷന് 15 അംഗ ഭരണസമിതിയാണ് നിർദേശിച്ചിരിക്കുന്നത്.
ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമുള്ള കമീഷനിൽ ഒരു സംസ്ഥാന സർവകലാശാല വൈസ് ചാൻസലറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുകളിൽനിന്ന് രണ്ട് പ്രഫസർമാരും അംഗങ്ങളാകണം. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി, ഒരു കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ, ഒരു നിയമ വിദഗ്ധൻ, ഒരു ഉന്നത വ്യക്തിത്വം എന്നിവരും ഉണ്ടാകും.
സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികളില്ലാതെ 2018ൽ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) ബിൽ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്ന് ഉന്നത വിദ്യാഭ്യാസ മേഖല പൂർണമായും കേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമമാണെന്നായിരുന്നു വിമർശനം.
സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ ബില്ലിൽ ഈ പരാതി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേസമയം കമീഷൻ ചെയർപേഴ്സനെയും വൈസ് ചെയർപേഴ്സനെയും നീക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന പഴയ വിവാദ വ്യവസ്ഥ ഭേദഗതിയോടെ നിലനിർത്തി. സിറ്റിങ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് അനുസൃതമായി മാത്രമേ നീക്കം ചെയ്യാവൂ എന്നാണ് ഭേദഗതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.