യുജിസി ചട്ടലംഘനം: കോടതി വഴി രണ്ട് വൈസ് ചാന്‍സിലര്‍മാര്‍ പുറത്ത്; മറ്റ് വിസിമാര്‍ അങ്കലാപ്പില്‍

യുജിസി ചട്ടലംഘനം: കോടതി വഴി രണ്ട് വൈസ് ചാന്‍സിലര്‍മാര്‍ പുറത്ത്; മറ്റ് വിസിമാര്‍ അങ്കലാപ്പില്‍

മറ്റ് സര്‍വകലാശാല വിസിമാരുടെ നിയമനത്തിലും ചട്ടലംഘനം ഉന്നയിച്ച് ഹര്‍ജികള്‍ വന്നാല്‍ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.

കൊച്ചി: യുജിസി ചട്ടങ്ങള്‍ മറികടന്നുള്ള നിയമനങ്ങളുടെ പേരില്‍ രണ്ട് വൈസ് ചാന്‍സിലര്‍മാര്‍ കോടതി വഴി പുറത്തായതോടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ അങ്കലാപ്പില്‍. എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതിയും ഫിഷറീസ് സര്‍വകലാശാല വിസി ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതിയുമാണ് റദ്ദാക്കിയത്.

സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് കുഫോസ് വിസി റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത്. മറ്റ് സര്‍വകലാശാല വിസിമാരുടെ നിയമനത്തിലും ചട്ടലംഘനം ഉന്നയിച്ച് ഹര്‍ജികള്‍ വന്നാല്‍ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.

യുജിസി ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നേടിയ വൈസ് ചാന്‍സിലര്‍മാര്‍ രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്. സാങ്കേതിക സര്‍വകലാശല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സര്‍വലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്.

എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്ന വിസിമാര്‍ രാജിക്ക് തയ്യാറായില്ല. ഇതോടെ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാകുന്നത് വരെ തുടര്‍ നടപടി ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഫിഷറീസ് വിസി ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.

യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രൂപവല്‍കരിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്.

യുജിസി ചട്ടങ്ങള്‍ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കില്‍ അത് പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സര്‍ക്കാര്‍ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.

സാങ്കേതിക സര്‍വകലാശാല കേസിലെ സുപ്രീം കോടതി വിധി യുജിസി ചട്ടം ലംഘിച്ച മറ്റെല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് വിസിമാരുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍ വിസി നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടും.

കേന്ദ്രനിയമവും സംസ്ഥാന നിയമവും തമ്മില്‍ വൈരുധ്യമുണ്ടായാല്‍ ഭരണഘടനയനുസരിച്ച് കേന്ദ്ര നിയമമേ നിലനില്‍ക്കൂ. അതുകൊണ്ടു തന്നെ യുജിസി വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.

കേരള സര്‍വകലാശാല വിസി വി.പി മഹാദേവന്‍ പിള്ള, എം.ജി സര്‍വകലാശാല വിസി ഡോ. സാബു തോമസ്, കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. എം.വി നാരായണന്‍, കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എന്‍ മധുസൂദനന്‍, മലയാളം സര്‍വകലാശാല വിസി ഡോ. വി. അനില്‍ വള്ളത്തോള്‍ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതല്‍ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.