വാഷിംഗ്ടൺ: കോവിഡ് 19 എംആര്‍എന്‍എ വാക്‌സിൻ എടുത്ത ശേഷം യുവാക്കളില്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എംആര്‍എന്‍എ വാക്‌സിനേഷനു ശേഷം 21 വയസിൽ താഴെയുള്ള യുവാക്കളില്‍ മയോകാര്‍ഡൈറ്റിസ്, പെരികാര്‍ഡൈറ്റിസ് അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച് 2020 അവസാനം മുതൽ അമേരിക്കയിൽ കോടിക്കണക്കിന് കോവിഡ് വാക്സിൻ ഡോസുകൾ നൽകി. വാക്‌സിൻ സ്വീകരിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ, പ്രാഥമികമായി യുവാക്കളിൽ ഇതുമായി ബന്ധപ്പെട്ട് ഏകദേശം 1,000 മയോകാര്‍ഡൈറ്റിസ് അല്ലെങ്കിൽ പെരികാർഡൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹൃദയപേശികളുടെ വീക്കം ആണ് മയോകാര്‍ഡൈറ്റിസ്. ഹൃദയത്തിന്റെ പുറം പാളിക്കുണ്ടാകുന്ന വീക്കം ആണ് പെരികാര്‍ഡൈറ്റിസ്. എന്നാല്‍, ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. നെഞ്ച് വേദന, ശ്വാസം മുട്ടൽ, ഹൃദയം വേഗത്തിൽ മിടിക്കുന്നതോ അല്ലെങ്കിൽ വിറയ്ക്കുന്നതോ ആയി അനുഭവപ്പെടുക തുടങ്ങിയവയാണ് മയോകാര്‍ഡൈറ്റിസിന്റെ ലക്ഷണങ്ങൾ. പെരികാര്‍ഡൈറ്റിസിനും സമാനമായ ലക്ഷണങ്ങൾ ആണ്.
എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഫൈസര്‍ ബയോടെക് വാക്‌സിന്‍ അല്ലെങ്കിൽ മോഡേണ കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മയോകാർഡൈറ്റിസ് അനുഭവപ്പെട്ട അമേരിക്കയിലെ അനേകം പേരിൽ ഒരാളാണ് മിഷിഗണിലുള്ള ഡിട്രോയിറ്റ് സ്വദേശി ഡാവിയോൺ മില്ലർ.
2021 ഒക്ടോബറിൽ ഡാവിയോൺ മില്ലറെ തന്റെ വീട്ടിലെ കുളിമുറിയിൽ ഫൈസർ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം അബോധാവസ്ഥയിൽ കണ്ടെത്തി. വാക്സിനേഷൻ എടുത്ത് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ക്ഷീണവും ശ്വാസതടസ്സവും തലകറക്കവും ഉണ്ടായി.
ഹെൻറി ഫോർഡ് വെസ്റ്റ് ബ്ലൂംഫീൽഡ് ഹോസ്പിറ്റലിൽ എത്തിച്ച മില്ലർക്ക് മയോകാര്‍ഡൈറ്റിസ്, പെരികാർഡൈറ്റിസ് എന്നിവ കണ്ടെത്തുകയും ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കരുതെന്ന് ഡോക്ടർ ഉപദേശിക്കുകയും ചെയ്തു. വാക്സിനേഷനെ തുടർന്നുള്ള ഹൃദയ വീക്കം വളരെ അപൂർവമാണെന്ന് തനിക്ക് അറിയാമെന്ന് മില്ലർ പറയുന്നു.
എന്നാൽ ഒരു വർഷത്തിനുശേഷം ഇപ്പോഴും നെഞ്ചുവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഈ രോഗാവസ്ഥ തന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
ഇൻഫ്ലുവൻസ, കോക്‌സാക്കി വൈറസുകൾ, കൊവിഡ് എന്നിവയുൾപ്പെടെ നിരവധി വൈറൽ അണുബാധകളുമായി ദീർഘകാലമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് മയോകാർഡൈറ്റിസ്. എംആർഎൻഎ കോവിഡ് വാക്സിനുകളുടെ അപൂർവവും എന്നാൽ ആശങ്കാജനകവുമായ പാർശ്വഫലമായും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ രോഗം റിപ്പോർട്ട് ചെയ്തവരിൽ ഭൂരിഭാഗം ആളുകളും പൂർണ്ണമായി സുഖം പ്രാപിച്ചു. എങ്കിലും വാക്‌സിൻ സ്വീകരിച്ചത് മൂലം ഹൃദയത്തിന് സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി, അമേരിക്കയിൽ ആദ്യമായി വാക്സിനുമായി ബന്ധപ്പെട്ട ഹൃദയപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തവരിൽ പിന്നീടുള്ള വർഷങ്ങളിൽ ഏതൊക്കെ സാഹചര്യത്തിലാണ് അവ പ്രത്യക്ഷപ്പെടുന്നത് എന്ന് പരിശോധിക്കുന്നുണ്ട്. ഇതിനായി മോഡേണ സെപ്റ്റംബറിലെ ഏറ്റവും പുതിയ ട്രയൽ ഉൾപ്പെടെ ഇതിനകം രണ്ട് ട്രയലുകൾ ആരംഭിച്ചു. 500 കൗമാരക്കാരും 21 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരും ഉൾപ്പെടുന്ന ഒരു പരീക്ഷണമെങ്കിലും അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഫൈസർ സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്കയിലെ എംആർഎൻഎ കോവിഡ് വാക്സിനുകളുടെ അംഗീകാരത്തിന്റെ ഭാഗമായി, മയോകാർഡിറ്റിസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന നിരവധി പഠനങ്ങൾ മരുന്ന് നിർമ്മാതാക്കൾ നടത്തണമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷത്തോളം ഹൃദയത്തിന്റെ പ്രശ്നങ്ങൾ അലട്ടിയവരെ ചില നിരീക്ഷണങ്ങൾക്ക് വിധേയനാക്കും. രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത മയോകാർഡൈറ്റിസ്, സബ്ക്ലിനിക്കൽ മയോകാർഡൈറ്റിസ് എന്നിവ ഇവരിൽ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു.
ഫൈസറിന്റെയും മോഡേണയുടെയും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ അവയെക്കുറിച്ച് എഫ്ഡിഎ പ്രതികരിച്ചില്ല. എങ്കിലും വാക്സിനേഷനുശേഷം മയോകാർഡൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കൈസർ പെർമനന്റിലെ വാക്സിൻ വിദഗ്ധൻ ഡോ. നിക്കോള ക്ലീൻ പറഞ്ഞു. മാത്രമല്ല ഈ അവസ്ഥ ഹൃദയസംബന്ധമായ മരണത്തിലേക്ക് നയിക്കുന്നില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
എംആര്‍എന്‍എ വാക്‌സിനുകളില്‍ അടങ്ങിയിരിക്കുന്ന മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) കോഡുകളാണ് കോവിഡ് വൈറസുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. ഇത് ശരീരത്തിലേക്ക് കടന്ന് ചെന്ന് കൊറോണ വൈറസ് പ്രോട്ടീന്റെ ഒരു പതിപ്പ് ഉണ്ടാക്കും. വാക്‌സിന്‍ എടുത്തതിന് ശേഷം, രോഗപ്രതിരോധ കോശങ്ങള്‍ സ്‌പൈക്ക് പ്രോട്ടീന്റെ അംശങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും അതോടെ ശരീരം ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും ചെയ്യും. പിന്നീട് കൊവിഡ് 19 വൈറസ് ബാധിക്കുകയാണെങ്കില്‍ ഈ ആന്റിബോഡികള്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും.
സിഡിസിയുടെ കണക്കനുസരിച്ച് 16 മുതൽ 24 വരെ പ്രായമുള്ള ചെറുപ്പക്കാരിലാണ് വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രശ്നങ്ങളും സംഭവിക്കുന്നത്. 24 വയസും അതിൽ താഴെയും പ്രായമുള്ളവരിൽ ഇതുവരെ ഉണ്ടായിരിക്കുന്ന കേസുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ഏജൻസിയുടെ പക്കൽ ലഭ്യമല്ല. എന്നാൽ ഫൈസർ വാക്‌സിൻ ഒരു ദശലക്ഷം ഡോസുകൾ നൽകിയതിൽ 52.4 പേർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. ഇതേ അളവിലുള്ള മോഡേണ വാക്‌സിനുമായി ബന്ധപ്പെട്ട് 56.3 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കനേഡിയൻ ഗവേഷകർ നടത്തിയ പഠനത്തിൽ, മോഡേണ വാക്സിൻ എടുത്ത 40 വയസ്സിന് താഴെയുള്ള പുരുഷന്മാർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. സാധാരണയായി രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 21 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്.
മോഡേണയുടെ രണ്ട് ഡോസ് കോവിഡ് -19 വാക്‌സിന്‍ ഫൈസറിനേക്കാള്‍ ഹൃദയ വീക്കം ഉണ്ടാക്കാനുള്ള സാധ്യത കാണിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് കമ്പനികളുടെയും ഡോസുകളുടെ പ്രയോജനങ്ങള്‍ അപകടസാധ്യതകളേക്കാള്‍ കൂടുതലാണെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പാനല്‍ പറയുന്നു.
അതേസമയം ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സ്വീകരിച്ചവരിൽ ഇതുപോലുള്ള രോഗാവസ്ഥകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നോവാവാക്‌സിന്റെ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഹൃദയ വീക്കം സംബന്ധിച്ച ആശങ്കകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പാഠനങ്ങൾ വ്യക്തമാക്കുന്നു.
ചില സന്ദർഭങ്ങളിൽ വൈറൽ അണുബാധയ്ക്ക് ശേഷം മയോകാർഡൈറ്റിസ് ബാധിച്ച ആളുകൾക്ക് ഹൃദയ കോശങ്ങളിൽ ചില പാടുകൾ പ്രത്യക്ഷപ്പെടാം. ഇത് രക്തം പമ്പ് ചെയ്യാനും ശരീരത്തിന് ആവശ്യമായ ഓക്സിജൻ വിതരണം ചെയ്യാനും ഉള്ള കഴിവ് കുറയ്ക്കുമെന്ന് മിനസോട്ടയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലെ കാർഡിയോളജി വിഭാഗം ചെയർ ഡോ. ലെസ്ലി കൂപ്പർ പറഞ്ഞു.
കോവിഡ് വാക്‌സിൻ സുരക്ഷ നിരീക്ഷിക്കാൻ മോഡേണ രൂപീകരിച്ച വിദഗ്ധ ഉപദേശക സമിതിയിൽ അംഗമാണ് കൂപ്പർ. വൈറസുമായി ബന്ധപ്പെട്ട മയോകാർഡൈറ്റിസ് ഉള്ളവരിൽ 20% ആളുകൾക്ക് ഹൃദയസ്തംഭനം അനുഭവപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
എംആർഎൻഎ വാക്സിനേഷനുശേഷം മയോകാർഡൈറ്റിസ് ആരംഭിച്ച് 90 ദിവസമെങ്കിലും കഴിഞ്ഞ 500-ലധികം കൗമാരക്കാരുടെയും യുവാക്കളുടെയും ആരോഗ്യ ഫലങ്ങൾ പരിശോധിച്ച ഒരു പഠനം സിഡിസി അടുത്തിടെ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. അതിൽ രോഗലക്ഷണങ്ങൾക്ക് ശേഷം മൂന്ന് മാസത്തിനുള്ളിൽ ഭൂരിഭാഗം രോഗികളുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി വ്യക്തമാക്കുന്നു.
12 മാസമായി പൂർണ്ണമായി സുഖം പ്രാപിക്കാത്ത രോഗികളെ സിഡിസി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും പഠനത്തിന്റെ പ്രധാന രചയിതാവും സിഡിസി എപ്പിഡെമിയോളജിസ്റ്റുമായ ഇയാൻ ക്രാകാലിക് പറഞ്ഞു.
അതേസമയം എന്തുകൊണ്ടാണ് വാക്സിനുകൾ ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് എന്നതിന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് മോഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൺ പറയുന്നു. വാക്സിനേഷനുശേഷം കോശത്തിൽ ഒരിക്കൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഹൃദയത്തിൽ വീക്കം ഉണ്ടാക്കുന്ന ഒരുതരം പ്രതികരണം ശരീരത്തിൽ സൃഷ്ടിച്ചേക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അതാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.