പാര്‍ട്ടി കമ്മിറ്റിയിലെ വാക്കേറ്റം: കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

പാര്‍ട്ടി കമ്മിറ്റിയിലെ വാക്കേറ്റം: കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

കോട്ടയം: പാര്‍ട്ടി കമ്മിറ്റിയില്‍ വച്ച് കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര അന്തരിച്ചു. 78 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇന്ന് 2.30-ന് കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിലും 3.30-ന് വയലായിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം വീട്ടിലെത്തിക്കും.

നവംബര്‍ ഏഴിനാണ് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ ജോയി കുഴഞ്ഞു വീഴുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലായിരുന്നു സംഭവം. കുഴഞ്ഞു വീണ ജോയിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ.

ജോയിക്ക് കേരള കോണ്‍ഗ്രസ് എം നേതാക്കളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ജോയി. ദീര്‍ഘകാലം കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. വയലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ 27 വര്‍ഷം മെമ്പറായും നാല് ടേം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൈക്കോ ചെയര്‍മാനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഇത്തവണ വയലാ ടൗണ്‍ വാര്‍ഡില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടതും പ്രസിഡന്റായതും.

ഭാര്യ: തെക്കേടം വെമ്പള്ളി കുടുംബാഗം ലിസമ്മ ജോയി.
മകള്‍: സ്വപ്ന.
മരുമകന്‍: സണ്ണി കരിമറ്റം (ചങ്ങനാശേരി).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.