സര്‍വകലാശാലകളുടെ ചുമതല ഗവര്‍ണര്‍ക്ക്; സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാമെന്ന് ആരും കരുതേണ്ടന്ന് ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വകലാശാലകളുടെ ചുമതല ഗവര്‍ണര്‍ക്ക്; സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാമെന്ന് ആരും കരുതേണ്ടന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണെന്നും നിയമ വിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിക്ക് പുറപ്പെടുന്നതു വരെ തന്റെയടുക്കല്‍ സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയില്ല. കിട്ടാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനാകില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. ആരോടും വ്യക്തിപരമായ ശത്രുതയില്ല. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണന്നും ഗവര്‍ണര്‍ പറഞ്ഞു.

ശക്തമായ രാഷ്ടീയ ഇടപെടല്‍ ഉണ്ടായിരുന്നു. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കും സര്‍ക്കാരിന്റെ നടത്തിപ്പ് ചുമതല തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ അതുസംബന്ധിച്ച നിലപാട് സുപ്രീം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ എന്റെ അധികാരപരിധിയിലും നിങ്ങള്‍ നിങ്ങളുടെ അധികാര പരിധിയിലും പ്രവര്‍ത്തിക്കണം.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ട. പല തവണ വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടല്‍ സ്ഥിരമായി നടന്നു. രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ചാന്‍സലര്‍ക്കാണ്. താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാല്‍ രാജിവയ്ക്കാന്‍ തയ്യാറാണ്.

സര്‍വകലാശാലകളെ ഭരണ കക്ഷിയുടെ വകുപ്പാക്കി മാറ്റാനാകില്ല. വ്യക്തികളെക്കുറിച്ചല്ല, മറിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുകയാണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണെങ്കിലും സര്‍വകലാശാലകളുടെ സ്ഥിതി അതല്ല.

രാഷ്ട്രീയ ഇടപെടല്‍ ശക്തമാണെന്നത് താന്‍ മാത്രം പറയുന്ന കാര്യമല്ല. ഒപ്പിടാതെ വച്ച ബില്ലുകളെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയില്ല. ഇത് തുടര്‍ന്നു പോരുന്ന ശീലമാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ നൂറ് കണക്കിന് നിയമ വിരുദ്ധ നിയമനങ്ങളാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.