അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിര്‍ പാര്‍ട്ടികളെക്കാള്‍ ഇത്തവണ ഭീഷണി ഉയര്‍ത്തുന്നത് വിമതപ്പട. അതിനാല്‍ ബിജെപിയുടെ വിജയ സമവാക്യങ്ങള്‍ രചിക്കുന്ന രാഷ്ട്രീയ ചാണക്യന്‍ അമിത് ഷാ ഊണും ഉറക്കവുമില്ലാതെ ഗുജറാത്തിലുണ്ട്.
ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 178 ലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കെ 40 സീറ്റുകളിലാണ് ഭീഷണിയുമായി വിമതര്‍ രംഗത്ത് വന്നിട്ടുള്ളത്. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 38 സിറ്റിങ് എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാണ് ബിജെപി ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണിത്.
ഇതോടെ വിമതന്മാര്‍ കളം നിറഞ്ഞു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച വളരെ വൈകി 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായത്. കഴിഞ്ഞ രണ്ടു ദിവസം അമിത് ഷാ ഗുജറാത്തില്‍ തമ്പടിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഒട്ടേറെ പേര്‍ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
സീറ്റ് കിട്ടാത്ത ആറ് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സീറ്റ് നഷ്ടമായ സിറ്റിങ് എംഎല്‍എ ധവല്‍സിങ് ജാലയുടെ അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ചു. ബയാഡ്, പഠാന്‍ മണ്ഡലങ്ങളിലും പ്രതിഷേധം നടന്നു.
ആദ്യ രണ്ട് സ്ഥാനാര്‍ഥി പട്ടികകള്‍ പ്രഖ്യാപിച്ച ശേഷമാണ് വിമതര്‍ തല പൊക്കിയത്. അവസാനമെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായതോടെ നിരവധി നേതാക്കള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ അമിത് ഷാ മൂന്ന് ദിവസം കൂടി ഗുജറാത്തില്‍ തങ്ങിയേക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാല് സോണ്‍ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി ഷാ ചര്‍ച്ച നടത്തി. വിജയ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അമിത് ഷായുടെ നിലപാട്.
എന്നാല്‍ കഴിഞ്ഞ തവണ നേരിയ വോട്ടിന് ജയിച്ച മണ്ഡലങ്ങളില്‍ വിമതര്‍ തലപൊക്കുന്നത് വെല്ലുവിളിയാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ആറ് വട്ടം എംഎല്‍എ ആയിരുന്ന മധുഭായ് ശ്രീവാസ്തവ ഇത്തവണ വിമതനായി മല്‍സരിക്കും. അശ്വിന്‍ പട്ടേലിനെയാണ് ഇദ്ദേഹത്തിന്റെ വഗോദിയ മണ്ഡലത്തില്‍ ബിജെപി മല്‍സരിപ്പിക്കുന്നത്.
ഇതോടെ ശ്രീവാസ്തവ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തു വന്നു. മോഡിയും അമിത് ഷായും ക്ഷണിച്ചിട്ടാണ് 25 കൊല്ലം മുമ്പ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ആരുടെയും കാല് പിടിച്ച് സീറ്റ് നേടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
വിമതശല്യം ശക്തമായതോടെ അനുനയ നീക്കത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ബിജെപി. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തവര്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്നേഹത്തോടും അനുകമ്പയോടും ഇടപെടണമെന്ന് സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്ത് തുടര്‍ ഭരണം നടത്തുന്ന ബിജെപി സംസ്ഥാനത്ത് മോര്‍ബി തൂക്കു പാലത്തിന്റെ തകര്‍ച്ചയടക്കം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മാത്രമല്ല ശക്തമായ ഭരണ വിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്.
ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു വിഹിതവും സീറ്റുകളും വര്‍ധിപ്പിച്ച കോണ്‍ഗ്രസും വമ്പന്‍ കാമ്പയിനുമായി ആംആദ്മി പാര്‍ട്ടിയും ഗോദയില്‍ സജീവമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.