പാരീസ്: ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കാല്‍പ്പന്തുകളിയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുക്കൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു. ഖത്തറില്‍ ആരംഭിക്കുവാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്ന് മെസി പറഞ്ഞു.
ഞാൻ വാഗ്ദാനങ്ങൾ നൽകുന്ന ആളല്ല. ദൈവമാണ് എല്ലാം തീരുമാനിക്കുന്നവന്‍. സമയം എപ്പോഴാണെന്നും എന്താണ് സംഭവിക്കേണ്ടതെന്നും ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, അത് ദൈവമാണ് തീരുമാനിക്കുന്നതെന്നാണ് വിശ്വാസമെന്നും മെസി വിശദീകരിച്ചു. എനിക്ക് സംഭവിച്ച എല്ലാത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനാണെന്നും മുപ്പത്തിയഞ്ചുകാരനായ അര്‍ജന്റീനിയന്‍ താരം പറഞ്ഞു.
അര്‍ജന്റീനയുടെ വിജയ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കെതിരെയും പോരാടുവാനാണ് തങ്ങളുടെ തീരുമാനമെന്നും ഓരോ കളിയും തുല്യ പ്രാധാന്യത്തോടെ തന്നെ കളിക്കുമെന്നുമായിരുന്നു മെസിയുടെ പ്രതികരണം. മത്സരങ്ങളിൽ ദൈവം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഡിസംബര്‍ 18 വരെ നീളുന്ന ലോകകപ്പിന്റെ പ്രിവ്യു പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ലോകകപ്പിലെ വിജയപരാജയങ്ങള്‍ ദൈവത്തില്‍ ഏല്‍പ്പിച്ചത്. അര്‍ജന്റീനിയന്‍ വൈദികനായ ഫാ. ജാവിയര്‍ ഒലിവേര റാവാസി മെസിയുടെ പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മെസ്സിയും അവന്റെ ദൈവവിശ്വാസവും. എല്ലാ നല്ല ദാനങ്ങളും ഉന്നതങ്ങളില്‍ നിന്നാണ് വരുന്നതെന്ന് അറിയാവുന്ന ഒരു സാധാരണക്കാരന്‍ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആ വൈദികൻ കുറിച്ചത്. ഒരുപക്ഷേ മെസി കളിക്കുന്ന അവസാന ലോകകപ്പായാണ് ഇത്തവണത്തെ ഫുട്ബോള്‍ മാമാങ്കത്തെ എല്ലാവരും നോക്കികാണുന്നത്.
ഏതാണ്ട് 20 വര്‍ഷങ്ങളാണ് മെസി സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണക്ക് വേണ്ടി കളിച്ചത്. 2021-ല്‍ മെസിയുടെ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു. ആ വിജയത്തിനും മെസി സമൂഹമാധ്യമങ്ങളിലൂടെ ദൈവത്തോടുള്ള നന്ദി പ്രകടമാക്കിയിരുന്നു.
https://twitter.com/i/status/1591850933948145664
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.