'മത പരിവര്‍ത്തനത്തിനായി പണം നല്‍കുന്നു': ആമസോണിനെതിരെ ആരോപണങ്ങളുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം

'മത പരിവര്‍ത്തനത്തിനായി പണം നല്‍കുന്നു': ആമസോണിനെതിരെ ആരോപണങ്ങളുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെതിരെ മത പരിവര്‍ത്തന ആരോപണങ്ങളുമായി ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ മത പരിവര്‍ത്തനത്തിന് ആമസോണ്‍ ധനസഹായം നല്‍കുന്നുവെന്നാണ് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്ന സംഘടനയുമായി ആമസോണിന് സാമ്പത്തിക ബന്ധമുണ്ടെന്നും ഈ മേഖലയില്‍ ഒരു 'പരിവര്‍ത്തന മൊഡ്യൂള്‍' നടത്തുന്നുണ്ടെന്നും 'അമേസിംഗ് ക്രോസ് കണക്ഷന്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ആമസോണ്‍ നിഷേധിച്ചു. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് ഇന്ത്യയില്‍ ഓള്‍ ഇന്ത്യ മിഷന്‍ (എഐഎം) എന്ന പേരില്‍ ഉപ സംഘടനയുണ്ട്. ഈ സംഘടന വഴി 25,000 പേരെ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യക്കാരന്റെ ഓരോ പര്‍ച്ചേസിനും പണം സംഭാവന ചെയ്ത് ആമസോണ്‍ ഓള്‍ ഇന്ത്യ മിഷന്റെ കണ്‍വേര്‍ഷന്‍ മോഡ്യൂള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതായാണ് പ്രധാന ആരോപണം. എന്നാല്‍ ആമസോണ്‍ ഇന്ത്യയ്ക്ക് ഓള്‍ ഇന്ത്യ മിഷനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ ആര്‍എസ്എസ് പിന്തുണയുള്ള പാഞ്ചജന്യ വാരിക ആമസോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന് വിശേഷിപ്പിച്ചിരുന്നു. 'പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ പിടിച്ചടക്കാന്‍ വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതേ കാര്യങ്ങളാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്' എന്നായിരുന്നു വാരികയുടെ കവര്‍ സ്റ്റോറിയിലെ പരാമര്‍ശം.

ആദ്യം ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കുകയും പിന്നീട് മത പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അതേ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.