റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്രം.
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.
നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ധിച്ചെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
കള്ളപ്പണം ഇല്ലാതാക്കാനുള്ള തുടര്‍ച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റല്‍ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പാര്‍ലമെന്റ് നല്‍കിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മുന്‍പ് നോട്ട് നിരോധിച്ച നടപടികള്‍ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയ കേന്ദ്രം നോട്ട് നിരോധനം സര്‍ക്കാരിന്റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്ന് അവകാശപ്പെട്ടു. രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വിശദീകരിച്ചു.
നോട്ട് നിരോധനത്തിനെതിരായ ഹര്‍ജി നിലവില്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.വി നാഗരത്‌ന ഒരു ഭരണഘടന ബെഞ്ച് ഈ കാരണത്താല്‍ ഇങ്ങനെ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജകരമായ നടപടിയാണെന്നും പറഞ്ഞു. ഒടുവില്‍ കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് നവംബര്‍ 24 ലേക്ക് മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.