പ്രിയ വര്‍ഗീസിന്റെ നിയമന നീക്കം: ഹൈക്കോടതി ഇന്ന് വിധി പറയും

പ്രിയ വര്‍ഗീസിന്റെ നിയമന നീക്കം: ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുക.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നുമാണ് രണ്ടാം റാങ്ക്കാരനായ പ്രോഫ. ജോസഫ് സ്കറിയയുടെ ആവശ്യം. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഹൈക്കാേടതി പ്രിയയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് കോടതി പരിഹസിക്കുകയും ചെയ്തു.

അധ്യാപനം ഗൗരവമുള്ള ജോലിയാണ്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പദവി അധ്യാപന പരിചയമായി കാണാനാവില്ല. അസോ. പ്രൊഫസർ നിയമനത്തിന് എട്ടു വർഷത്തെ അധ്യാപന പരിചയം വേണമെന്നു പറയുമ്പോൾ അത്രയും വർഷം പഠിപ്പിച്ചിരിക്കണം. 

സ്‌പോർട്‌സ് കോച്ച് അധ്യാപക തസ്തികയാണ്. എന്നാൽ ഈ കാറ്റഗറിയിലെ പ്രവർത്തനം അധ്യാപന പരിചയമായി കാണാനാവില്ല. പ്രിയ വർഗീസ് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നെന്ന് ഇപ്പോഴാണ് പറയുന്നത്. സ്‌ക്രൂട്ടിനി കമ്മിറ്റിക്കു മുന്നിൽ പറയാത്ത യോഗ്യതകളൊന്നും കോടതിയിൽ ഉന്നയിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

പ്രിയയെ നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്.

പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയമെന്നും പ്രിയ പി.എച്ച്.ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാൻ ഒരുങ്ങിയത്കി എന്നുമാണ് ഹർജിക്കാരന്റെ വാദം.

എന്നാൽ പി.എച്ച്.ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന് പ്രിയ വർഗീസിന്റെ അഭിഭാഷകൻ വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. 

അധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ അക്കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ എന്ന യു.ജി.സി വിശദീകരണം കൂടി കേട്ട ശേഷമാണ് പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല എന്ന് കോടതിനിരീക്ഷിച്ചത്.

അതേസമയം കോടതിയുടെ പരാമർശത്തെ സമൂഹമധ്യമത്തിലൂടെ പരിഹസിച്ച പ്രിയ വെട്ടിലായി. നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതോടെ പ്രിയ വർഗീസ് അത് ഡിലീറ്റ് ചെയ്തു. ഇന്ന് വിധി വരാനിരിക്കെ ഇത്തരം പ്രതികരണങ്ങൾ കോടതിയെ കൂടുതൽ പ്രകോപിപ്പിക്കുകയേയുള്ളൂ എന്നും വിലയിരുത്തൽ ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.