വത്തിക്കാന്‍ സിറ്റി: മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുന്ന പരിചരണ സംസ്‌കാരം വളര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ ഫാര്‍മസികളുടെ ശൃംഖലയായ അപ്പോത്തെക്ക നാച്ചുറയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മാര്‍പാപ്പ.
മനുഷ്യരും സൃഷ്ടിയുമായി പുതിയൊരു ഐക്യം വീണ്ടും കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍പാപ്പ സംസാരിച്ചു. പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് മികച്ച പരിചരണം നല്‍കാനുള്ള ഫാര്‍മസിസ്റ്റുകളുടെ ശ്രമങ്ങള്‍ തെക്കന്‍ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലെ തദ്ദേശവാസികളുടെ പരിചരണത്തെ ഓര്‍മ്മിപ്പിച്ചതായി പരിശുദ്ധ പിതാവ് പറഞ്ഞു.
തദ്ദേശീയ സംസ്‌കാരങ്ങള്‍ക്ക് എപ്പോഴും സൃഷ്ടിയോടും പരിതസ്ഥിതിയോടും നല്ല രീതിയില്‍ ഇണങ്ങി ജീവിക്കാനുള്ള ആരോഗ്യകരമായ മനോഭാവമുണ്ട്. ഇത് മധുരമുള്ളതോ എളുപ്പമായതോ ഉള്ള ജീവിതമല്ല. മറിച്ച് സൃഷ്ടിയുമൊത്തു ജീവിക്കാനുള്ള വ്യക്തിയുടെയും കുടുംബത്തിന്റെയും ഐക്യമാണ് - പാപ്പാ പറഞ്ഞു.
പാരിസ്ഥിതിക അവബോധത്തെ അടിസ്ഥാനമാക്കി, ജനങ്ങളും പ്രകൃതിയും തമ്മിലുള്ള ഐക്യം സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് അപ്പോത്തെക്ക നാച്ചുറയുടെ പ്രവര്‍ത്തനം. ഇത് പോസിറ്റീവായ അടയാളം പ്രദാനം ചെയ്യുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രാദേശിക ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഫാര്‍മസിസ്റ്റുകള്‍ സഹായിക്കുന്നു. ദേശീയ ആരോഗ്യ സേവനം ഏറ്റെടുക്കാന്‍ ഫാര്‍മസികള്‍ക്ക് കഴിയില്ലെങ്കിലും ചില പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.
ഐക്യം എന്ന വാക്കിന് ദൈവശാസ്ത്രപരവും ആത്മീയവുമായ ഒരു മൂല്യമുണ്ടെന്ന് പാപ്പാ പറഞ്ഞു. ദൈവത്തിന്റെ ഒരു നാമമായി ഐക്യത്തെ വിശേഷിപ്പിക്കാം. കാരണം പരിശുദ്ധാത്മാവ് തന്നെ ഐക്യമാണ് - പാപ്പാ ഓര്‍മ്മിപ്പിച്ചു. സൃഷ്ടി തിന്മയാല്‍ മുറിവേല്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന് നന്മയിലേക്കും ഐക്യത്തിലേക്കും ചായ്‌വ് ഉണ്ടെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
ആഗോളവല്‍ക്കരിപ്പെട്ട ലോകം സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിച്ചെറിയല്‍ സംസ്‌കാരം പരിപാലന സംസ്‌കാരത്തിന്റെ വിപരീതമാണ്.
'ഇന്നു നമുക്ക് നിഷ്പക്ഷരായിരിക്കാന്‍ കഴിയില്ല. ഒരു തിരഞ്ഞെടുപ്പു നടത്തിയേ മതിയാവൂ. കാരണം, ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ രോദനവും ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. നമ്മുടെ ലളിതവും അനുദിനവുമുള്ള പ്രവര്‍ത്തികളില്‍ നാം ഒരു തിരഞ്ഞെടുപ്പ് നടത്തണം. പരിപാലനത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാനും വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതും പൊതുനന്മ ലക്ഷ്യമാക്കുന്നതുമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ അവരെ ക്ഷണിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ചുരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26