യുവ ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ 3,000 വിസകള്‍ അനുവദിച്ച് റിഷി സുനക്

യുവ ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ 3,000 വിസകള്‍ അനുവദിച്ച് റിഷി സുനക്

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ടു വര്‍ഷം ജോലി ചെയ്യുന്നതിന് ഇന്ത്യയിലെ യുവാക്കള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസകള്‍ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ക്ക് യു.കെയില്‍ ജോലി ചെയ്യുന്നതിനാണ് വിസ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുകൂലമായ വാര്‍ത്ത വന്നത്.

ഇന്ത്യയില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് ഇതോടെ തുറന്നു കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി സ്‌കീമിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതിയില്‍ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

പുതിയ യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴില്‍ 18 മുതല്‍ 30 വരെ പ്രായമുള്ള, കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയിലെത്തി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പദ്ധതി പരസ്പരപൂരകമായിരിക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അടുത്തവര്‍ഷം തുടക്കം മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇരു രാജ്യങ്ങളുടെയും വിദേശ മന്ത്രാലയങ്ങള്‍ അറിയിച്ചു. ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യു.കെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

യോഗ്യതയോ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമോ ഇല്ലാത്ത യൂത്ത് മൊബിലിറ്റി സ്‌കീമില്‍ നിന്ന് വ്യത്യസ്തമായി, യു.കെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴില്‍ അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് തുല്യമായ ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കുകയും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ഈ പദ്ധതിയിലൂടെ വിസ നേടാന്‍ ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. യോഗ്യതകള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ആദ്യ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ബാലിയില്‍ നടന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു പുറമേ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങി നിരവധി ലോകനേതാക്കള്‍ ഇന്തൊനേഷ്യയിലെ ബാലിയില്‍ രണ്ടു ദിവസം നീണ്ടുനിന്ന ജി20 സമ്മേളനത്തില്‍ പങ്കെടുത്തു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. അടുത്ത വര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ നടക്കും.

ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കിയ, ഓസ്‌ട്രേലിയ, സൗദി, യു.എസ്, അര്‍ജന്റീന, ബ്രസീല്‍, മെക്‌സികോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ, ചൈന, ഇന്തൊനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.