അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം

അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം

വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പ്രവചിച്ചതിലും കുറഞ്ഞ മാര്‍ജിനലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. ഡെമോക്രാറ്റിക് പാര്‍ട്ടി 209 സീറ്റുകളാണ് ഇതുവരെ നേടിയത്. അതേസമയം, റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ പുറത്തുവരാന്‍ ദിവസങ്ങളെടുക്കും. ചില സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. അതേസമയം, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്.

2024-ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ഥിത്വം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ജയം.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. 2001ലെ 221-212 എന്ന സീറ്റ് നിലയായിരുന്നു ഇതിന് മുമ്പുള്ള കുറഞ്ഞ ഭൂരിപക്ഷം. സാമ്പത്തികരംഗത്തെ പ്രതിസന്ധിയും രൂക്ഷമായ പണപ്പെരുപ്പവും ബൈഡന്റെ ജനപ്രീതി കുറയുന്നതും മുന്‍നിര്‍ത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണം.

ഡെമോക്രാറ്റിക് പാര്‍ട്ടിക്കും നേരിയ ഭൂരിപക്ഷം മാത്രമാണ് സൈനറ്റില്‍ ലഭിച്ചത്. ഇത് ബൈഡന്‍ സര്‍ക്കാരിന് തിരിച്ചടിയാണ്. തങ്ങള്‍ക്കു താല്‍പര്യമുള്ള പല നിര്‍ണായക തീരുമാനങ്ങളും ബില്ലുകളും ജനപ്രതിനിധി സഭ കടന്നുകിട്ടുക ബൈഡനെ സംബന്ധിച്ച് വെല്ലുവിളിയാകും.

വിര്‍ജീനിയ, മിനിസോട്ട, കാന്‍സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അപ്രതീക്ഷിതമായ പ്രതിരോധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. ജനപ്രതിനിധി സഭയില്‍ കെവിന്‍ മക്കാര്‍ത്തി സ്പീക്കറായി എത്തുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.