360 കോടി രൂപയുടെ തട്ടിപ്പ്: ഹിജാവുവിനെതിരേ കേസ്; ഇരകളില്‍ മലയാളികളും

360 കോടി രൂപയുടെ തട്ടിപ്പ്: ഹിജാവുവിനെതിരേ കേസ്; ഇരകളില്‍ മലയാളികളും

ചെന്നൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ ചെന്നൈയിലെ ഹിജാവു അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിനെതിരേ തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം കേസെടുത്തു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ നെഹ്രുവിനെ(49) അറസ്റ്റു ചെയ്തു. ഒളിവില്‍ക്കഴിയുന്ന മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ നെഹ്രുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

ഹിജാവുവിന്റെ സ്ഥാപക ഡയറക്ടര്‍മാരായ സൗന്ദര്‍രാജന്‍, മകന്‍ അലക്സാണ്ടര്‍ ഉള്‍പ്പെടെ 21 പേരെയാണ് കേസില്‍ പ്രതികളാക്കിയത്. തട്ടിപ്പിനിരയായവരുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തട്ടിപ്പിന് ഇരകളായതായാണ് റിപ്പോര്‍ട്ട്.

ഹിജാവു അസോസിയേറ്റ്‌സ്, സഹോദര സ്ഥാപനങ്ങളായ എസ്.ജി. അഗ്രോ പ്രോഡക്ട്‌സ്, അരുവി അഗ്രോ പ്രോഡക്ട്‌സ്, സായ് ലക്ഷ്മി എന്റര്‍പ്രൈസസ്, റാം അഗ്രോ പ്രോഡക്ട്‌സ്, ആര്‍.എം.കെ ബ്രോ എന്നിവയെക്കുറിച്ചും അന്വേഷിക്കും.

നിക്ഷേപത്തുകയ്ക്ക് പ്രതിമാസം 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഹിജാവു പൊതുജനങ്ങളെ വശീകരിച്ചത്. വിശ്വാസം ഉറപ്പിക്കാന്‍ ആദ്യത്തെ കുറച്ചു മാസം പലിശ നല്‍കി. എന്നാല്‍, പതുക്കെ ഇതു നിര്‍ത്തുകയായിരുന്നു. ആളുകള്‍ പണം ചോദിച്ചപ്പോള്‍ ടോപ്പപ്പായി നിലനിര്‍ത്തുമെന്നും ഇതിനാല്‍ പിന്നീട് കൂടുതല്‍ പണം ലഭിക്കുമെന്നും ധരിപ്പിച്ചു.

ഒടുവില്‍ പലിശയും നിക്ഷേപിച്ച ലക്ഷങ്ങളും തിരികെ നല്‍കാതെ വഞ്ചിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയത്. മണി ചെയിന്‍ മാതൃകയിലൂടെ ഹിജാവു അസോസിയേറ്റ്‌സ് നിലവില്‍ 1500-ഓളം പേരില്‍ നിന്നായി 360 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.

പരാതി നല്‍കാതെ മാറി നില്‍ക്കുന്ന ധാരാളം പേര്‍ ഇപ്പോഴും ഉണ്ട്. അതു കൂടി കണക്കിലെടുത്താല്‍ തട്ടിയെടുത്ത തുക ഇനിയും കോടികള്‍ വരുമെന്നാണ് പറയപ്പെടുന്നത്. ചെന്നൈ കില്‍പ്പോക്ക് കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പാണ് ഹിജാവു അസോസിയേറ്റ്‌സ് ആരംഭിക്കുന്നത്.

ആഡംബരത്തോടെ നടത്തിയ ഉദ്ഘാടനച്ചടങ്ങു മുതല്‍ ഒട്ടേറെ മലയാളികള്‍ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതില്‍ കേന്ദ്ര സര്‍ക്കാരുദ്യോഗസ്ഥര്‍ വരെ ഉണ്ടായിരുന്നെന്നാണ് വിവരം. കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപം കമ്പനിയിലെത്തിച്ചാല്‍ ഇവര്‍ക്ക് ഓരോ മാസവും രണ്ടായിരം രൂപ കമ്മിഷന്‍ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

പണമുണ്ടാക്കാനുള്ള മോഹത്തില്‍ ഏജന്റുമാരായി മലയാളികളും എത്തിയിരുന്നു. ഇവര്‍ പരിചയത്തിലുള്ള നൂറുകണക്കിനു പേരെ ചേര്‍ത്തു. അങ്ങനെ ഹിജാവുവിലേക്ക് കോടികള്‍ എത്തി. ചെന്നൈയിലെ മലയാളി സംഘടനകളെവരെ ചുറ്റിപ്പറ്റി മണി ചെയിന്‍ വ്യാപിച്ചിരുന്നു. പലരും സ്വര്‍ണവും നാട്ടിലെ സ്ഥലവും പണയം വെച്ചും ഹിജാവുവിന്റെ കെണിയില്‍ വീഴുകയായിരുന്നു.

അതേസമയം തട്ടിപ്പിനരായവര്‍ക്ക് പരാതി നല്‍കാമെന്നു പൊലീസ് അറിയിച്ചു. കമ്പനിയെക്കുറിച്ചോ, പണമിടപാടുമായി ബന്ധപ്പെട്ടോ ഉള്ള കൂടുതല്‍ വിവരങ്ങളും പരാതികളും [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.