വിക്‌ടോറിയയില്‍ 26-ന് വോട്ടെടുപ്പ്; പ്രാര്‍ത്ഥനയുമായി മെത്രാന്മാര്‍; വോട്ടു ചെയ്യും മുന്‍പ് ഓര്‍ക്കാം ഈ നിയമനിര്‍മാണങ്ങള്‍

വിക്‌ടോറിയയില്‍ 26-ന് വോട്ടെടുപ്പ്; പ്രാര്‍ത്ഥനയുമായി മെത്രാന്മാര്‍; വോട്ടു ചെയ്യും മുന്‍പ് ഓര്‍ക്കാം ഈ നിയമനിര്‍മാണങ്ങള്‍

മെല്‍ബണ്‍: ക്രൈസ്തവ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്ന നിരവധി നിയമനിര്‍മാണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയ വിക്ടോറിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് 26-നു നടക്കാനിരിക്കെ നീതിയുക്തമായ ജനവിധിക്കു വേണ്ടി പ്രാര്‍ത്ഥനയുമായി കത്തോലിക്ക ബിഷപ്പുമാര്‍.

പൊതുനന്മയെ മുന്‍നിര്‍ത്തിയും ദുര്‍ബലരായവരെ സംരക്ഷിക്കുകയും എല്ലാ വിക്ടോറിയക്കാര്‍ക്കും തുല്യ അവസരങ്ങളുള്ള, കൂടുതല്‍ നീതിപൂര്‍വകമായ സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന നിയമനിര്‍മാണം നടത്തുന്ന ജനപ്രതിനിധികളെയും പാര്‍ട്ടിയെയും തെരഞ്ഞെടുക്കാനാണ് ഈ അവസരം വിനിയോഗിക്കേണ്ടതെന്ന് സംസ്ഥാനത്തെ മെത്രാന്മാര്‍ പറയുന്നു.



ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണം, കുടുംബം, വിദ്യാഭ്യാസം, ജീവിതത്തോടുള്ള ആദരവ്, മത സ്വാതന്ത്ര്യം, വയോജന പരിപാലനം എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ക്രൈസ്തവ വിശ്വാസികളെ പ്രതിസന്ധയിലാക്കുന്നതാണ് വിക്ടോറിയന്‍ പാര്‍ലമെന്റ് പാസാക്കിയ സമീപകാല നിയമങ്ങളെന്ന് ബിഷപ്പുമാര്‍ പറയുന്നു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷമായ ക്രൈസ്തവര്‍ക്കെതിരേയുള്ള ഈ നീതിനിഷേധത്തിനെതിരേ പ്രതികരിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് മെത്രാന്മാര്‍ ഓര്‍മിപ്പിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് തങ്ങളുടെ വോട്ടിന് അര്‍ഹതയുള്ളതെന്ന് വോട്ടര്‍മാര്‍ ശ്രദ്ധയോടെയും പ്രാര്‍ത്ഥനയോടെയും തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

നീതിയുക്തമായ സമൂഹനിര്‍മ്മിതിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിനായി മെത്രാന്മാര്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയും പുറത്തിറക്കിയിരുന്നു. പ്രാര്‍ത്ഥന ചുവടെ

സ്വര്‍ഗസ്ഥനായ പിതാവേ,

അങ്ങ് നന്മയുടെയും നീതിയുടെയും സത്യത്തിന്റെയും ഉറവിടമാണ്.

സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ ഞങ്ങള്‍ ആസ്വദിക്കുന്ന നിരവധി സ്വാതന്ത്ര്യങ്ങള്‍ക്ക് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിക്ടോറിയ സംസ്ഥാനത്തെയും അവിടെ താമസിക്കുന്ന എല്ലാവരേയും ഞങ്ങള്‍ അങ്ങേ ഭരമേല്‍പ്പിക്കുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജ്ഞാനത്തിന്റെ വരത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ ആലോചനകളില്‍ ഞങ്ങളെ നയിക്കുക, എല്ലാ കാര്യങ്ങളിലും പൊതുനന്മ പിന്തുടരാന്‍ അക്ഷീണം പ്രയത്നിക്കുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ നമുക്കു ശ്രമിക്കാം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കട്ടെ.

സമാധാനവും നീതിയും വളരുകയും മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും എല്ലാ ആളുകളും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരെ വിലമതിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാകട്ടെ വിക്ടോറിയ.

എല്ലാ കാര്യങ്ങളിലും അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്ന് - നാം ഓരോരുത്തര്‍ക്കും നമ്മുടെ പ്രതിബദ്ധത പുതുക്കാം.

ക്രൈസ്തവരുടെ സഹായമായ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ആമേന്‍.


സമീപകാലത്ത് ക്രൈസ്തവ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ വിക്ടോറിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. മനുഷ്യ ജീവന്റെ അന്തസ്, ജീവിതത്തോടുള്ള ആദരവ്, മതവിശ്വാസപരമായ സ്വാതന്ത്ര്യം തുടങ്ങി ഒരു വ്യക്തിയുടെ അടിസ്ഥാന കാര്യങ്ങളെ ബാധിക്കുന്നതാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍. പ്രത്യേക ശ്രദ്ധയും തിരിച്ചറിവും ആവശ്യപ്പെടുന്ന ചില നിയമങ്ങളുടെ സംഗ്രഹം ചുവടെ കൊടുക്കുന്നു.

Abortion Law Reform Bill

2008-ലാണ് അന്നത്തെ വിക്ടോറിയന്‍ പ്രീമിയര്‍ ജോണ്‍ ബ്രംബി സര്‍ക്കാര്‍ ഗര്‍ഭച്ഛിദ്ര നിയമ പരിഷ്‌കരണ ബില്‍ അവതരിപ്പിച്ചത്. ജനനം വരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയും ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കാനുള്ള സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ കഴിവ് പരിമിതപ്പെടുത്തുന്നതുമായ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.



Infant Viability Bill

2015ല്‍, അനത്തെ പാര്‍ലമെന്റ് അംഗം ഡോ. റേച്ചല്‍ കാര്‍ലിംഗ്-ജെങ്കിന്‍സ് 24 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിക്കുന്നതിനായി വിക്ടോറിയന്‍ ഉപരിസഭയില്‍ Infant Viability Bill അവതരിപ്പിച്ചു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ ബില്‍ പരാജയപ്പെട്ടു.

Children Legislation Amendment (Reportable Conduct) Bill

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുമ്പസാര രഹസ്യമാണെങ്കില്‍ പോലും അക്കാര്യം പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്നു നിര്‍ദേശിക്കുന്ന നിയമം 2016-ല്‍, ഇരുസഭകളും പാസാക്കി. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ വന്‍ തുക വൈദികരുടെ മേല്‍ പിഴ ചുമത്താം. വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്താനാവില്ലെന്ന ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

Voluntary Assisted Dying Bill

2017-ലാണ് ഡാനിയല്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ വോളണ്ടറി അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അവതരിപ്പിച്ചത്. വിക്ടോറിയ സംസ്ഥാനത്ത് ദയാവധം അനുവദിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം പാസാക്കി. അങ്ങനെ തീര്‍ത്തും ദുര്‍ബലരായവരുടെ ജീവനെടുക്കാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി വിക്ടോറിയ മാറി. സഭാ നേതൃത്വത്തിന്റെയും വിശ്വാസികളുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഈ നിയമവും പാസാക്കിയത്.

Equal Opportunity (Religious Exceptions) Amendment Bill

ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് അവരുടെ സ്വന്തം വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും അനുസരിച്ച് ജീവനക്കാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതപ്പെടുത്തുക എന്നതാണ് ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. 2021-ല്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ അവതരിപ്പിച്ച തുല്യ അവസര ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. ഈ നിയമപ്രകാരം ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ വിശ്വാസികളല്ലാത്തവരെയും അധ്യാപകരായി നിയമിക്കേണ്ടി വരും.

കൂടുതല്‍ വായനയ്ക്ക്:

ക്രിസ്തീയ വിശ്വാസത്തെ പ്രതിസന്ധിയിലാക്കുന്ന നിയമനിർമ്മാണങ്ങളാൽ ശ്രദ്ധേയം; വിക്ടോറിയൻ തിരഞ്ഞെടുപ്പിൽ മാർഗനിർദേശവുമായി മെത്രാന്മാർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.