'കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി'; നിയമനങ്ങള്‍ പരിശോധിക്കാന്‍ സിപിഎം

'കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി'; നിയമനങ്ങള്‍ പരിശോധിക്കാന്‍ സിപിഎം

തിരുവനന്തപുരം: കോര്‍പറേഷന്‍ കത്ത് വിവാദത്തിലും സര്‍വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഎം സംസ്ഥാന നേത്വത്തിന് അതൃപ്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളിലുണ്ടായ തിരിച്ചടികളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്ന് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടി ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി. മറ്റ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാനിടയുണ്ട്.

അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന ആവശ്യവും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍ ഉന്നയിച്ചു. ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു.

നിയമനങ്ങള്‍ പാര്‍ട്ടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി ഇക്കാര്യത്തില്‍ പരിശോധന നടത്തുക.

അതേസമയം കത്ത് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. നഗര സഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.