അനുസരണത്തിൽ നിന്നും ക്രിസ്തുവിലേക്കുള്ള ദൂരം

അനുസരണത്തിൽ നിന്നും ക്രിസ്തുവിലേക്കുള്ള ദൂരം

അനുസരണം ഭീരുത്വമല്ല, അടിമത്തവുമല്ല.അനുസരണത്തെ അടിമത്തമാക്കി മുന്നോട്ടു പോകുന്ന ചില സഭാശുശ്രൂഷകർ തന്നെ ആത്മീയ അപചയത്തിന്റെ കാണാക്കയങ്ങളിലേക്ക് നിപതിക്കുന്ന കാഴ്ച സ്ഥിരമായിരിക്കുന്നു. പിതാവായ ദൈവത്തോടുള്ള പുത്രീ/പുത്ര സഹജമായ വിധേയത്വമാണ് അനുസരണം. നമ്മുടെ വീട്ടില്‍ മാതാപിതാക്കളെ അനുസരിക്കുന്നത് അടിമത്തമല്ലല്ലോ?‘കര്‍ത്താവിന്റെ ഭവനത്തില്‍ വസിക്കുവാന്‍ കര്‍ത്താവുതന്നെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ അങ്ങയുടെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും’ (സങ്കീ. 65:4). ഈ നന്മയും ഭാഗ്യവും അനുഭവിക്കുന്നവരാണ് സന്യസ്തര്‍.സമകാലിക സന്യസ്ത ലോകത്തിൽ സഭാശുശ്രൂഷകരാൽ തന്നെ തെറ്റിദ്ധരിക്കപ്പെട്ട് അനുസരണമെന്ന പുണ്യം ആരും നഷ്ടപ്പെടുത്തിക്കളയാതിരിക്കട്ടെ. 

വി. ഫ്രാൻസിസ് അസ്സീസിയും, വി.ക്ലാരയും, അവിലായിലെ അമ്മ ത്രേസ്യയും പോലെയുള്ള വിശുദ്ധർ കെട്ടിപ്പടുത്ത സന്യാസസഭാ മൂല്യങ്ങൾ കളയാതെസൂക്ഷിക്കാൻ ഇന്നത്തെ ആസുരകാലത്ത് നാം ഏറെ പണിപ്പെടേണ്ടി വരും.സന്ന്യസ്തരില്‍ മുഖ്യമാര്‍ഗ്ഗങ്ങളും മുഖ്യലക്ഷ്യങ്ങളും അവഗണിക്കപ്പെട്ടു പോകുന്നുവോ എന്ന സംശയം പൊതുസമൂഹത്തിലുണ്ട്.

സഭയ്ക്ക് പലനിര്‍വചനങ്ങള്‍ നല്കാമെങ്കിലും അനുസരണയുള്ള മക്കള്‍ക്ക് അവള്‍ മാതാവും ഗുരുനാഥയുമാണ്. സഭാപിതാവായ സിപ്രിയാന്‍ പറയുന്നത്; "സഭയെ മാതാവായി കാണാത്തവര്‍ക്ക് ദൈവത്തെ പിതാവായി അംഗീകരിക്കാനാവില്ല" എന്നാണ്. സഭക്ക് മാതൃതുല്യമായ സ്‌നേഹവും വാത്സല്യവും കൈമുതലാണ്. എന്നിരുന്നാലും മക്കള്‍ക്കു മാര്‍ഗ്ഗ നിര്‍ദേശങ്ങളും അച്ചടക്കവും പകര്‍ന്നു നല്‌കേണ്ട ഉത്തരവാദിത്ത്വവും സഭയ്ക്കുണ്ട് .തന്മൂലം സഭയോടുള്ള അനുസരണം അടിമത്തമായി ചിത്രീകരിക്കേണ്ടതില്ല. കേവലം വ്യക്തികളോടും അധികാരശ്രണിയിലുള്ളവരോടുമുള്ള ബന്ധത്തിനനുസരിച്ചല്ല നിലപാടുകളെടുക്കേണ്ടത്. സഭയെ മാതാവും ഗുരുനാഥയുമായി കാണുന്നവര്‍ക്ക് സ്‌നേഹത്തില്‍നിന്നുയര്‍കൊള്ളുന്ന അനുസരണം അനുവര്‍ത്തിക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരില്ല.

അനുസരണം എന്ന സന്യാസവ്രതത്തിന് ബലം നല്‍കുന്നത് ക്രിസ്തുവിന്‍റെ വാക്കുകളാണ് വി. യോഹന്നാൻ 4: 34 'എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം.' അനുസരണം എന്ന വ്രതം കുറച്ചുകൂടി കഠിനമാണ്. എന്‍റെ ഇഷ്ടത്തിനതീതമായി ദൈവഹിതം തിരയലാണത്; അങ്ങനെ പിതാവിനെ അനുസരിച്ചുകൊണ്ട് അവസാനതുള്ളി രക്തംവരെ (ഹെബ്രാ 9: 12) ചിന്തി മരണം പുല്‍കി ലോകരക്ഷ സാദ്ധ്യമാക്കിയ ക്രിസ്തുവിന്‍റെ അനുസരണമാണ് സന്യസ്തന്‍റെ ബലം.

സന്യാസ വ്രതങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് വളരാത്തവരിൽ ചിലർ തിരുസഭയെ ഒറ്റിക്കൊടുത്ത്‌ ലൗകികർ നൽകുന്ന ചെറിയ അപ്പക്കഷണങ്ങള്‍ക്കു മുന്‍പില്‍ കാലിടറി വീഴും. ഇങ്ങനെ കാലിടറി വീഴുന്നവരുടെ വലിയ നിര ക്രിസ്തുവിന്‍റെ കാലം മുതല്‍ ഇന്നുവരെ നീണ്ടുനില്‍ക്കുന്നു.സന്യാസം ഉപജീവനമാര്‍ഗ്ഗമല്ല മറിച്ച് ഉപാധികളില്ലാതെ ക്രിസ്തുവിനെ സ്നേഹിക്കാനുള്ള ധീരമായ ചുവടുവയ്പാണ്.അനുസരണം ക്രിസ്തുവിനോട് കൂടി,സഭയോട് കൂടി വിശ്വസ്ഥതയോടെ നിലകൊള്ളും എന്ന സമർപ്പണമാണ്.സീറോമലബാര്‍സഭ സന്യസ്തരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്‍റെ പേരില്‍ വളരെയധികം അറിയപ്പെട്ട സഭയാണ്.ഇന്ന് സന്ന്യസ്തരില്‍ ഈയൊരു ചിന്ത ഉണ്ടോ ?വളരെ കൂടുതല്‍ സുരക്ഷിതത്വവും വളരെ കുറച്ചുമാത്രം ത്യാഗങ്ങളും അനുഭവിക്കുന്ന ഒരു ശൈലി ആയി സന്ന്യസ്ത ജീവിതം മാറിയിരിക്കുന്നു.സ്വന്തം ഇഷ്ടങ്ങളെ അനുസരണമാക്കി അവതരിപ്പിക്കാനുള്ള ശൈലി കത്തോലിക്കാ സന്യസ്ത ജീവിതങ്ങളിൽ സാധാരണമായിരിക്കുന്നു.

സുവിശേഷത്തിലെ ധനികനായ ചെറുപ്പക്കാരൻ; ഈശോയുടെ മുന്‍പില്‍ വച്ചുപോലും മനസാന്തരപ്പെടാൻ സാധിക്കാത്ത ആ ചെറുപ്പക്കാരന്‍ ഇന്ന് അനുസരണത്തിൽ പരാജയപ്പെടുന്ന സമകാലിക സന്യസ്തരുടെ പ്രതീകമാണ്.എന്‍റെ ഹിതത്തിനുപരിയായി ദൈവഹിതത്തിന് എന്ന തലത്തിലേക്ക് എത്തുമ്പോള്‍ മാത്രമേ ഒരുവന്‍ യഥാർത്ഥ സന്യാസിയായി തീരുന്നുള്ളൂ.എന്ത് ചെയ്യാം?... വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. കുറച്ചു പേരുടെ അനുസരണയില്ലായ്മ തകർക്കുന്നത് സ്വന്തം സന്യാസഭവനങ്ങളിലെ ആത്മീയ തീക്ഷ്ണതയാണ്. അനുസരണത്തിൽ നിന്നും ക്രിസ്തുവിലേക്കുള്ള ദൂരം ഇന്ന് വളരെ വലുതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.