വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വന്നതോടെ അമേരിക്കൻ രാഷ്ട്രീയ ലോകം കൊടുങ്കാറ്റടങ്ങിയ കടൽപോലെ ശാന്തമാണ്. എൺപതുകളിലേക്ക് കാലെടുത്ത് വെയ്ക്കാനൊരുങ്ങുന്ന ബൈഡൻ ഞായറാഴ്ച തന്റെ ജന്മദിനം ആഘോഷിക്കും. ഇനിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മാറ്റുരയ്ക്കുമോയെന്ന ഊഹാപോഹങ്ങൾക്ക് കുടുംബത്തോടൊപ്പം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നായിരുന്നു പ്രഖ്യാപനം.
അതിനിടെ രണ്ട് പതിറ്റാണ്ടോളം ഡെമോക്രാറ്റുകളെ നയിച്ച നാന്‍സി പെലോസി, പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതായി അറിയിച്ചു. ഒരിക്കൽ കൂടി പൂർവ്വാതികം ശക്തിയോടെ എഴുപതുകളുടെ അവസാനത്തിലേക്ക് അടുക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് ഡൊണാൾഡ് ട്രംപ് തിരിച്ചെത്തി. പ്രവചനങ്ങൾക്കതീതമായി അമേരിക്കയിലെ പ്രായംചെന്നവരുടെ രാഷ്ട്രീയം മാറിമറിയുകയാണ്.
രണ്ടാം വട്ടം അങ്കത്തിനിറങ്ങാനാണ് തന്റെ ഉദ്ദേശമെന്ന് ജോ ബൈഡൻ പറയാതെ പറയുമ്പോഴും എന്ത് സംഭവിച്ചാലും അദ്ദേഹത്തിന്റെ ആരോഗ്യവും മാനസിക ശേഷിയും പ്രായവും സംബന്ധിച്ച ചോദ്യം 2024-ലെ ഏതൊരു ക്യാമ്പയ്‌നിന്റെയും കേന്ദ്രത്തിൽ ചർച്ചകൾക്ക് വിധേയമാകുമെന്നത് തീർച്ചയാണ്. റിപ്പബ്ലിക്കൻ പാർട്ടി ഈ വിഷയങ്ങൾ ചർച്ച വിഷയമാക്കുന്നതിനാലും വോട്ട് ചെയ്യുന്ന പൗരന്മാർക്ക് അവരുടെ കമാൻഡർ-ഇൻ-ചീഫിനെ കുറിച്ചുള്ളത് ന്യായമായ ആശങ്ക ആയതിനാലും ഡെമോക്രാറ്റുകൾ ഒരു സാഹസത്തിന് മുതിർന്നേക്കില്ല.
മാറ്റത്തിനായി ഒരു വിരമിക്കൽ
ഉന്നത രാഷ്ട്രീയ നേതൃത്വ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കാൻ എത്ര വയസ് വരെ കഴിയും എന്ന ചോദ്യം ശ്രദ്ധയിൽപ്പെട്ടിരിക്കുന്ന നിമിഷത്തിലാണ് ബൈഡന്റെ ജന്മദിനം വരുന്നത്. 82 കാരിയായ ഹൗസ് സ്പീക്കർ നാൻസി പെലോസി, അടുത്ത കോൺഗ്രസിൽ ഡെമോക്രാറ്റിക് പാർട്ടി ന്യൂനപക്ഷത്തിലേക്ക് നീങ്ങുന്നതിനാൽ നേതൃസ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് അവർ പറഞ്ഞ വാക്കുകളും ഏറെ പ്രസക്തമാണ്.
തന്നെ സംബന്ധിച്ചിടത്തോളം, ഒരു പുതിയ തലമുറ ഡെമോക്രാറ്റിക് കോക്കസിനെ നയിക്കാനുള്ള സമയം വന്നിരിക്കുന്നു. താൻ അതിനെ വളരെയേറെ ബഹുമാനിക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍ നാന്‍സി പെലോസി യുഗം അവസാനിപ്പിച്ചുകൊണ്ട് അവർ പറഞ്ഞത്. പാർട്ടിയുടെ ഏറ്റവും ശക്തയായ നേതാവായിരുന്നു നാൻസി പെലോസി. ജനപ്രതിനിധി സഭാ സ്പീക്കറായ ആദ്യ വനിതയും, ദശാബ്ദത്തില്‍ രണ്ടുതവണ ഈ പദവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയുമാണ് അവർ.
എന്നിട്ടും നാൻസി പെലോസി സ്വമേധയാ അധികാരം ഉപേക്ഷിച്ചു. ചെറുപ്പക്കാരായ സഹപ്രവർത്തകർക്ക് അധികാരവും ഉത്തരവാദിത്തവും കൈമാറേണ്ട സമയമാണ് ഇതെന്ന് മുൻ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടൺ തുടങ്ങിവെച്ച പാര്യമ്പര്യത്തെ പിന്തുടർന്ന് പറഞ്ഞുവെക്കുകയായിരുന്നു അവർ. ഒപ്പം പരോക്ഷമായ മറ്റൊരു ചോദ്യവും ചോദിച്ചു. മറ്റുള്ളവരും ഇങ്ങനെ പ്രവർത്തിക്കേണ്ട സമയമാണോ ഇത് എന്ന്.
പ്രായം ചെന്നവരുടെ രാഷ്ട്രീയം
പെലോസിയുടെ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ്, അവരെക്കാൾ അൽപ്പം പ്രായം കുറഞ്ഞ രാഷ്ട്രീയ എതിരാളി ഡൊണാൾഡ് ട്രംപ് തന്റെ 76-ാം വയസ്സിൽ വേദി വിടാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ, വൈറ്റ് ഹൗസിൽ തന്റെ 80-ാം ജന്മദിനം ആഘോഷിക്കാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
കെന്റക്കിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 കാരനായ സെനറ്റർ മിച്ച് മക്കോണൽ ആ സ്ഥാനത്തേക്ക് എത്തിയത് തന്നെ അട്ടിമറിക്കാനുള്ള താരതമ്യേന ചെറുപ്പക്കാരനായ സഹപ്രവർത്തകനും 69 നുമായ ഫ്ലോറിഡ സെനറ്റർ റിക്ക് സ്കോട്ടിന്റെ ശ്രമത്തെ ചെറുത്തുകൊണ്ടാണ്.
ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ 71 കാരനായ സെനറ്റർ ചക്ക് ഷുമർ കൂട്ടത്തിൽ താരതമ്യേന ചെറുപ്പക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു വ്യക്തിയാണ്. ഇത്തരത്തിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്ന പലരും വിരമിക്കേണ്ട, വിശ്രമിക്കേണ്ട ഒരു പ്രായത്തിൽ അവർ കാണിക്കുന്ന ആവേശവും പ്രവർത്തനവും പ്രശംസനീയമാണ്. കൂടാതെ പ്രായമായവരും യുവതലമുറയെപ്പോലെ കഴിവുള്ളവരും യോഗ്യരുമാണെന്നതിന് സമൂഹത്തിന് ഒരു ഉദാഹരണമാണ്.
അധികാരം എന്ന അമൃതം
രാഷ്‌ട്രീയ ജീവിതത്തിന്റെ അവഗണനകളും സ്‌പോട്ട്‌ലൈറ്റുകളും അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകാൻ അവരെ സഹായിക്കുന്ന അധികാരം എന്ന അമൃതം ഒരു അത്ഭുതമായി തന്നെ അവശേഷിക്കുകയാണ്. ഉദാഹരണത്തിന്, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രസിഡന്റ് സ്ഥാനം നേടിയെടുക്കുന്നതിനായി ചെലവഴിച്ച ബൈഡൻ ഈജിപ്തിലേക്കും ഏഷ്യയിലേക്കുമുള്ള കഠിനമായ യാത്രകൾക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.
എയർഫോഴ്‌സ് വണ്ണിൽ മാത്രം അമേരിക്കയിലേക്കുള്ള വിമാനയാത്ര 24 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. എന്നിട്ടും രാഷ്ട്രീയമെന്ന മരത്തിന്റെ മുകളിലെ എഴുപത്തികളുടെയും എൺപതുകളുടെയും നിറവിൽ നിൽക്കുന്ന ഇവർ കൂടുതൽ ഉത്തരവാദിത്തമോ അധികാരമോ ഏറ്റെടുക്കാൻ കാണിക്കുന്ന ആർജവം യുവ രാഷ്ട്രീയക്കാക്കാരിൽ കാണുന്നില്ല എന്നത് ആരോഗ്യകരമാണോ എന്ന ചോദ്യവും ഉയർത്തുന്നു. രാഷ്ട്രീയക്കാരും വളർന്നുവരുന്ന തലമുറകളും തമ്മിൽ കൂടുതൽ അകലം സൃഷ്ടിക്കുന്ന ഒരു സാഹചര്യം.
കൂടുതൽ യുവത്വമുള്ള അനന്തരാവകാശികളെ വളർത്തിയെടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും നന്നായി പരിശ്രമിച്ചിട്ടില്ല തോന്നലുണ്ട്. ഡെമോക്രാറ്റുകൾക്ക് ഇതൊരു വലിയ പ്രശ്‌നമാകില്ല. കാരണം ഇടക്കാല തിരഞ്ഞെടുപ്പിലെ സിഎൻഎൻ എക്‌സിറ്റ് പോളുകൾ പാർട്ടിയുടെ വോട്ടർമാരിൽ 55 ശതമാനം പേരും 18 നും 44 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അഭിപ്രായപ്പെടുന്നു. ജിഓപി വോട്ടർമാരിൽ ഭൂരിഭാഗവും അതായത് 54 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരാണ്.
യുവാക്കൾക്ക് രാഷ്ട്രീയ പാരമ്പര്യങ്ങൾ രംഗത്തിറങ്ങി നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ഒരു തടസമാണ്. പ്രത്യേകിച്ചും കോൺഗ്രസിൽ, ഇവിടെ അധികാരം പ്രായക്കൂടുതലുള്ളവർക്ക് വേണ്ടി മാറ്റിവെക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിറങ്ങുന്ന ചെറുപ്പക്കാർക്ക് അധികാരം നേടിയെടുക്കാൻ വർഷങ്ങളെടുക്കും.
യുവതലമുറ സ്വയം വിലയിരുത്തണം
ചെറുപ്പക്കാരായ രാഷ്ട്രീയക്കാർ ഒന്ന് സ്വയം വിലയിരുത്തേണ്ട സമയമാണിത്. ബൈഡനും ട്രംപും പെലോസിയും എല്ലാം ഇപ്പോഴും രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളായി തുടരുന്നതിന്റെ കാരണം എന്താണ്? അത് അവരെ അവിടെ നിന്നും താഴെയിറക്കാൻ കഴിയുന്ന ചെറുപ്പക്കാരായ, ഊർജസ്വലരായ, ചരിത്രം സൃഷ്ടിക്കുന്ന വ്യക്തികൾ താഴെ നിന്ന് ഉയർന്നുവന്നിട്ടില്ല എന്ന കാരണത്താൽ തന്നെയാണ്.
ബൈഡനും ട്രംപും തങ്ങളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ യുവ എതിരാളികളോട് പോരാടുകയും സ്വയം തെളിയിക്കുകയും ചെയ്തു. തന്റെ പാർട്ടിയെ ഒരുമിച്ച് നിലനിർത്തുന്നതിലും ഡെമോക്രാറ്റിക് പ്രസിഡന്റുമാരെ പിന്തുണയ്ക്കുന്നതിലും പെലോസിയുടെ വൈദഗ്ദ്ധ്യം അവരെ പാർട്ടിയിൽ ഒരു ഐക്കണാക്കി മാറ്റി. എന്നാൽ ഇനി ആരാണ് ആ സ്ഥാനങ്ങളിലേക്ക് ഉയർത്തികാണിക്കാനുള്ളത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ ഉയർന്നുവരുന്ന പ്രതിഭകളുടെ ദൗർലഭ്യത്തിന്റെ ഒരു സൂചന കൂടിയാണിത്. മധ്യകാലഘട്ടത്തിലെ ഏറ്റവും ഊർജ്ജസ്വലമായ പ്രചാരകൻ യുവതലമുറയിൽ നിന്നുള്ളയാളായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ അദ്ദേഹം ഇതിനകം രണ്ട് വൈറ്റ് ഹൗസ് ടേം സേവനമനുഷ്ഠിച്ചു. ഇനി ആരാണുള്ളത്? യുവ തലമുറ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്.
റോൺ ഒരു പ്രതീക്ഷയാണ്
ഒരുപക്ഷെ അടുത്ത തിരഞ്ഞെടുപ്പിൽ ബൈഡനും ട്രംപിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കാൻ 44 കാരനായ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന് കഴിഞ്ഞേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡോണൾഡ് ട്രംപിന്റെ മോഹങ്ങൾക്കു കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ ഡിസാന്റിസിനെ മറികടക്കുക ട്രംപിന് എളുപ്പമല്ലെന്ന സൂചന നൽകുന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പു ഫലം. ഡിസാന്റിസിന്റെ സ്ഥാനാർഥികളിൽ ഭൂരിഭാഗവും വിജയിച്ചപ്പോൾ ട്രംപിന്റെ ആളുകൾ മിക്കയിടത്തും തോറ്റു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഫ്ലോറിഡയിൽ ട്രംപിനൊപ്പം റാലിയിൽ പങ്കെടുക്കാതെ പ്രത്യേക റാലി നടത്തി ഡിസാന്റിസ് ഉള്ളിലിരുപ്പ് വ്യക്തമാക്കിയതാണ്.
ട്രംപിന്റെ അടുത്ത അനുയായിയും സമാന പ്രവർത്തനശൈലിയുമുള്ള ഡിസാന്റിസിന്റെ വൈറ്റ്ഹൗസ് മോഹങ്ങൾ ട്രംപിന് കനത്ത വെല്ലുവിളിയാകും. അതേസമയം ബൈഡനും റോൺ ഡിസാന്റിസും നേർക്ക് നേർ വന്നാൽ തന്നെക്കാൾ പകുതിയോളം പ്രായം കുറവുള്ള ഇദ്ദേഹത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അമേരിക്കൻ പ്രസിഡന്റിന് അത്ര എളുപ്പമാകില്ലായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുവ നേതാക്കൾ മുന്നിട്ടിറങ്ങേണ്ട സമയമായോ?
മുൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നിഷേധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ ചുവപ്പ് തരംഗത്തെ അടിച്ചമർത്താൻ കാരണമായതെന്ന വിമർശനങ്ങൾ പരക്കെയുണ്ട്. ഇതിനിടെയായിരുന്നു തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്നാൽ പാർട്ടിയെ ഒന്നിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും തന്റെ അടിസ്ഥാന വോട്ടർമാർ തന്നെ കൈവിടില്ല എന്ന പ്രതീക്ഷ മാത്രമാണ് അദ്ദേഹത്തിനുള്ളത്.
എല്ലാത്തിനുമുപരി, മുൻ യുഎൻ അംബാസഡർ നിക്കി ഹേലി, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മിസോറി സെനറ്റർ ജോഷ് ഹാലി, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരെല്ലാം ട്രംപിന്റെ സിംഹാസനത്തിന് സാധ്യതയുള്ള അവകാശികളായി പരാമർശിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ അത് വിട്ട് കൊടുക്കുന്നതിന്റെ യാതൊരു സൂചനയും ട്രംപ് കാണിക്കുന്നുമില്ല.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചത് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ബൈഡന്റെ തീരുമാനത്തെ പ്രതിരോധിക്കുന്ന ചില ചോദ്യങ്ങൾ ലഘൂകരിക്കാൻ സഹായിച്ചു. ശക്തനായ ഒരു പിൻഗാമികളുടെ അഭാവവും അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തുണയാകുന്നുണ്ട്.
എന്തൊക്കെത്തന്നെയായാലും ഈ വർഷത്തെ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്, ട്രംപും ബിഡനും വീണ്ടും ഏറ്റുമുട്ടുന്നതിൽ അമേരിക്കക്കാർക്ക് താൽപ്പര്യമില്ലെന്ന്. കൂടാതെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകളിൽ പ്രതികരിച്ചവരിൽ 30 ശതമാനം പേർ മാത്രമാണ് പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.