തിരുവനന്തപുരം: കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ ഡിജിപിയുടെ ശുപാര്‍ശ. സുനു ആറ് കേസുകളില്‍ പ്രതിയും ഒമ്പത് തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്.
പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പി.ആര്‍ സുനുവിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി.എച്ച് നാഗരാജു പറയുന്നത്.
യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സി.ഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്.
കൊച്ചി മരട് സ്വദേശിയായ പി.ആര്‍ സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബി.ടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ ആയിട്ടുണ്ട്. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തി കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ചാര്‍ജെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.