മലയാളി ന്യായാധിപനെ മാറ്റിയതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു; കോടതി മുറികള്‍ ശൂന്യം

മലയാളി ന്യായാധിപനെ മാറ്റിയതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു; കോടതി മുറികള്‍ ശൂന്യം

അഹമ്മാദാബാദ്: മലയാളി ന്യായാധിപന്‍ ജസ്റ്റിസ് നിഖില്‍ കരിയേലിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഇന്നും പ്രതിഷേധം തുടര്‍ന്നു.

സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ഗുജറാത്ത് ഹൈക്കോടതി സമുച്ഛയത്തിലെ കോടതി മുറികളെല്ലാം ഇന്ന് വിജനമായിരുന്നു.

കോടതി വ്യവഹാരങ്ങള്‍ മുടങ്ങിയതോടെ അഭിഭാഷക പ്രതിനിധികളുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശനിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ കോടതി മുറികളിലൊന്നും അഭിഭാഷകരെത്തിയില്ല. ഗുജറാത്ത് ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മൗനജാഥ നടത്തി.

ജസ്റ്റിസ് നിഖില്‍ കരിയേലിനെയും തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെയും പാറ്റ്‌നാ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്. വ്യാഴാഴ്ച ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ തടിച്ച് കൂടിയ അഭിഭാഷകര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് പോലും ആലോചിക്കാതെയുള്ള ഈ സ്ഥലം മാറ്റം ജൂഡീഷ്യറിയുടെ കൊലപാതകമാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. തുടര്‍ന്ന് കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചീഫ് ജസ്റ്റിസ് നിര്‍ത്തി വച്ചു. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ അനിശ്ചിതമായി പണിമുടക്കാന്‍ പിന്നാലെ തീരുമാനിക്കുകയായിരുന്നു.

കൊളീജിയം അംഗങ്ങളുമായും ഗുജറാത്തില്‍ നിന്നുള്ള ന്യായാധിപരുമായും ഡല്‍ഹിയിലെത്തുന്ന അഭിഭാഷക സംഘം ചര്‍ച്ച നടത്തും. കണ്ണൂരില്‍ കുടുംബ വേരുകളുള്ള നിഖില്‍ കരിയേല്‍ രണ്ട് വര്‍ഷം മുന്‍പാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. ജസ്റ്റിസ് അഭിഷേക് റെഡ്ഡിയെ സ്ഥലം മാറ്റിയതിനെതിരെ തെലങ്കാന ഹൈക്കോടതിയിലും അഭിഭാഷകര്‍ സമരത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.