സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുന്നു: ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ച് വ്യത്യസ്ഥ താരിഫ്; കടമ്പകളേറെ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുന്നു:  ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ച് വ്യത്യസ്ഥ താരിഫ്; കടമ്പകളേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുന്നു. പൊതുവേ വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ വൈകുന്നേരം ആറ് മുതല്‍ 10 വരെ, ഏറ്റവും കുറഞ്ഞ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ, ശരാശരി ഉപയോഗം നടക്കുന്ന പകല്‍ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം.

നിലവില്‍ പ്രതിമാസം 250 യൂണിറ്റ് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും വ്യാവസായിക മേഖയിലും 'ടൈം ഓഫ് ദ ഡേ' റീഡിങ് സമ്പ്രദായം നിലവിലുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും ഈ താരിഫിലേക്ക് മാറാം. സമയത്തിന് അനുസരിച്ച് വൈദ്യുതി ഉപയോഗം അളക്കാന്‍ ടിഒഡി മീറ്ററോ, സ്മാര്‍ട് മീറ്ററോ വേണം.

പീക്ക് അവറില്‍ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്നത് വലിയ ലാഭമാണ്. എന്നാല്‍ ടിഒഡി ഫ്‌ളാറ്റ് റേറ്റിലേക്ക് വരുമ്പോള്‍ പുതിയ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള അധിക ചെലവിനെക്കുറിച്ചോ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് നിലവില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ചോ ബോര്‍ഡ് ഒന്നും പറയുന്നില്ല.

സ്മാര്‍ട്ട് മീറ്ററുകളിലേക്ക് ഉപയോക്്താക്കളെ പെട്ടെന്ന് മാറ്റാനും എതിര്‍പ്പുകള്‍ക്ക് തടയിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ നീക്കം എന്നും സംശയിക്കുന്നവരുണ്ട്. നിലവില്‍ സമയം തിരിച്ച് ഉപയോഗം കണക്കാക്കുന്നത് ടിഒഡി മീറ്റര്‍ ഉപയോഗിച്ചാണ്.

ടിഒഡി സമ്പ്രദായം എല്ലാ ഉപയോക്താക്കളിലേക്കും കൊണ്ടുവരണമെങ്കില്‍ എല്ലാ വീട്ടിലും ടിഒഡി മീറ്റര്‍ വെക്കണം. 2025 ഓടെ കോടികള്‍ മുടക്കി സ്മാര്‍ട് മീറ്റര്‍ കൊണ്ടുവരാനിരിക്കെ ടിഒഡി മീറ്റര്‍ സ്ഥാപിച്ചാല്‍ അത് പാഴ് ചെലവാകും എന്ന വിലയിരുത്തലുമുണ്ട്.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് നിരക്ക് കൂട്ടുന്നതോടെ ആ സമയത്തെ ഉപയോഗം കുറയും. ഈ സമയത്താണ് കെഎസ്ഇബി ഏറ്റവും കൂടുതല്‍ പണം കൊടുത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത്.

പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗമുള്ളവരെ അഞ്ച് സ്ലാബുകളാക്കി തിരിച്ച് ടെലിസ്‌കോപ്പിക് ബില്ലിങ് അനുസരിച്ച് പല നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. വൈദ്യുതി ഏറ്റവും കുറവ് ഉപയോഗിക്കുന്ന ആള്‍ക്ക് യൂണിറ്റിന് ഏറ്റവും ചെറിയ തുക. ടിഒഡി ഫ്‌ളാറ്റ് റേറ്റിലേക്ക് വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം ഇല്ലാതാകുമോ എന്നതാണ് പ്രധാന ചോദ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.