ഡി.ജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു; സ്ത്രീസുരക്ഷ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നുവെന്ന് പി. സതീദേവി

ഡി.ജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു; സ്ത്രീസുരക്ഷ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നുവെന്ന്  പി. സതീദേവി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ജാഗ്രത വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ലെന്നും സതീദേവി പറഞ്ഞു. കൊച്ചിയില്‍ 19 കാരിയായ മോഡല്‍ കാറില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

നല്ല പരിചയമുള്ള ആളുകള്‍ ആയതുകൊണ്ടായിരിക്കണം യുവതി കാറില്‍ കയറിയത്. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പൊലീസ് വളരെ പെട്ടെന്ന് ഇടപെട്ടതില്‍ സന്തോഷമുണ്ട്. യാത്രാ സുരക്ഷ ഉറപ്പു വരുത്താന്‍ എല്ലാ നഗരങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ ആവശ്യമാണ്. പൊലീസ് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പി. സതീദേവി പറഞ്ഞു.

സ്ത്രീയെ ഒറ്റയ്ക്ക് രാത്രി കണ്ടു കഴിഞ്ഞാല്‍ കേവലം ശരീരമായി കണുന്നു എന്ന വീക്ഷണ ഗതിയാണ് കേരളത്തില്‍ പരക്കെയുള്ളത്. കലാരംഗത്തുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ സമൂഹത്തിലെ തെറ്റായ കാഴ്ചപ്പാടാണ്. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പോലും ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാവണമെങ്കില്‍ സ്ത്രീയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയേ തീരൂ. പൊലീസിന്റെ ഭാഗത്തു നിന്നും ജാഗ്രതയുണ്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡി.ജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നുവെന്നും പി. സതീദേവി കുറ്റപ്പെടുത്തി. ഡി.ജെ പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ചു ചേര്‍ന്ന് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരം ആരോപണങ്ങള്‍ വരുകയാണ്. മദ്യപിച്ചു എന്നതുകൊണ്ട് അക്രമിക്കണം എന്നില്ല. പുരുഷന്മാര്‍ മദ്യപിച്ചാല്‍ അക്രമിക്കപ്പെടുന്നില്ലല്ലോയെന്നും സതീദേവി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.