തരൂരിനെ വെട്ടാന്‍ സംസ്ഥാന നേതൃത്വം; മലബാറിലെ പരിപാടികള്‍ ബഹിഷ്‌കരിച്ച് യൂത്ത് കോണ്‍ഗ്രസ്

തരൂരിനെ വെട്ടാന്‍ സംസ്ഥാന നേതൃത്വം; മലബാറിലെ പരിപാടികള്‍ ബഹിഷ്‌കരിച്ച് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന തരൂരിനെ ബഹിഷ്‌കരിച്ച് യൂത്ത് കോണ്‍ഗ്രസ്. തരൂര്‍ പങ്കെടുക്കുന്ന കോഴിക്കോട്ടെ സെമിനാറിന്റെ സംഘാടക സമിതിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ കൊടുവള്ളി ആസ്ഥാനമായുള്ള കോണ്‍ഗ്രസ് അനുകൂല സംഘടന സെമിനാര്‍ ഏറ്റെടുത്തു.

ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളാണ് തരൂര്‍ മലബാറില്‍ ലക്ഷ്യമിടുന്നത്. ഇതിന് തടയിടാനാണ് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. കണ്ണൂരിലെ സെമിനാറിൽ യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ ഡി.സി.സിയും പിന്മാറി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എം.കെ. രാഘവന്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തരൂരിനെ സ്വീകരിച്ചു. ഇന്ന് എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിക്കുന്ന തരൂര്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവധ പരിപാടികളില്‍ പങ്കെടുക്കും. തലശേരി ബിഷപ്പിനെയും കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെയും തരൂര്‍ സന്ദര്‍ശിക്കും. 

ഔദ്യോഗിക നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന സെമിനാറിന് പിന്തുണ നല്‍കരുത് എന്ന് നേതൃത്വം നിര്‍ദേശിച്ചു എന്നാണ് വിവരം. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സംഘാടക സ്ഥാനത്ത് നിന്ന് പിന്മാറിയത്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്നതാണ് സെമിനാറിന്റെ വിഷയം. 

ചൊവ്വാഴ്ച്ച മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവരെ അദ്ദേഹം സന്ദര്‍ശിക്കും. ശേഷം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലും തരൂര്‍ പങ്കെടുക്കും. പിന്നീട് മലബാര്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങും.

അതേസമയം തരൂരിനെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ്. ശബരിനാഥന്‍ രംഗത്ത് വന്നു. പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച അദ്ദേഹം തരൂരിനാണോ വേദികള്‍ക്ക് ക്ഷാമമെന്ന് ശബരിനാഥന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.