ജോലി തട്ടിപ്പ്; ഖാദി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഇതിഹാസ് അറസ്റ്റിൽ

ജോലി തട്ടിപ്പ്; ഖാദി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഇതിഹാസ് അറസ്റ്റിൽ

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം ആണെന്ന് വിശ്വസിപ്പിച്ച് ജോലി നല്‍കി പണം തട്ടിയ കേസില്‍ അഗ്രികള്‍ച്ചറല്‍, ഖാദി ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ആള്‍ പിടിയില്‍. ആലപ്പുഴ തോണ്ടംകുളങ്ങര കല്ലുപുരക്കല്‍ കെ.ടി. ഇതിഹാസ് (42) നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

സൊസൈറ്റി ഓഫ് ഈ ഗവേണന്‍സ് ഡിജിറ്റലൈസേഷന്‍ എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തതിന് ശേഷം മറ്റ് ബോര്‍ഡ് മെമ്പര്‍മാരെ മാറ്റി പ്രതിയും കൂട്ടു പ്രതികളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രറികള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്ന് മൂന്ന് മുതല്‍ ആറു ലക്ഷം വരെ ഡെപ്പോസിറ്റ് വാങ്ങി.

ജോലിക്ക് കയറിയതിനു ശേഷം ശമ്പളം കിട്ടാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് ചതി മനസിലായത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നൂറോളം ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. 

പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. പിന്നീട് പ്രതികളായ ഷാജി ആലുങ്കല്‍, സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതിയായ ഇതിഹാസിനും ഭാര്യ നിധിക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഇതിഹാസന്റെ ജാമ്യം സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.